കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ഇന്ന്; യുവ നേതാക്കളിൽ പ്രതീക്ഷയർപ്പിച്ച് തരൂർ
22 വർഷത്തിന് ശേഷമാണ് വോട്ടെടുപ്പിലൂടെ അധ്യക്ഷനെ കോൺഗ്രസ് തെരെഞ്ഞെടുക്കുന്നത്. 9308 വോട്ടർമാരാണ് രഹസ്യബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തുക.
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ഇന്ന്. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെയാണ് പോളിങ്. രാജ്യവ്യാപകമായി 68 പോളിങ് ബൂത്തുകളാണ് തെരഞ്ഞെടുപ്പ് അതോറിറ്റി തയ്യാറാക്കിയിരിക്കുന്നത്.
22 വർഷത്തിന് ശേഷമാണ് വോട്ടെടുപ്പിലൂടെ അധ്യക്ഷനെ കോൺഗ്രസ് തെരെഞ്ഞെടുക്കുന്നത്. 9308 വോട്ടർമാരാണ് രഹസ്യബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തുക. പുറമേ പറയുന്നില്ലെങ്കിൽ പോലും ഹൈക്കമാൻഡ് പിന്തുണ മല്ലികാർജുന ഖാർഗേയ്ക്കാണ്. 'മാറ്റത്തിന് ഒരു വോട്ട്' മുദ്രാവാക്യം ഉയർത്തിയാണ് ശശി തരൂർ എംപിയുടെ മത്സരം. വോട്ട് ചോദിച്ചെത്തിയ ഖാർഗേയെ സ്വീകരിക്കാൻ നേതാക്കളുടെ വൻ നിര ഓരോ സംസ്ഥാനത്തും എത്തിയപ്പോൾ തരൂരിന് തണുപ്പൻ സ്വീകരണമായിരുന്നു.ഗുവാഹത്തി, മധ്യപ്രദേശ് പി.സി.സികളിലാണ് തരൂരിന് മാന്യമായ സ്വീകരണം നൽകിയത്. മുതിർന്ന നേതാക്കളിൽ കമൽനാഥും ഉമ്മൻചാണ്ടിയും മാത്രമാണ് കൂടിക്കാഴ്ചയ്ക്ക് തയ്യാറായത്. കരളത്തിലെ അടക്കം യുവനേതാക്കൾ തന്നെ പിന്തുണക്കുമെന്ന പ്രതീക്ഷയിലാണ് തരൂർ.
സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എഐസിസി ആസ്ഥാനത്തെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി ഉൾപ്പെടെ 46 പേർ കർണാടകയിലെ ബെല്ലാരിയിൽ വോട്ട് ചെയ്യും. 1238 വോട്ടർമാരുള്ള യു.പിയിൽ ആറ് ബൂത്തുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനം 19 നാണ്.