മുന്നില്‍നിന്നു നയിക്കാന്‍ സച്ചിൻ പൈലറ്റും ഖാർഗെയും; കോൺഗ്രസിൽ വൻ അഴിച്ചുപണി
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരാൻ രാഹുൽ ഗാന്ധി വിസമ്മതിച്ചു നിൽക്കുന്ന സാഹചര്യത്തിൽ ഒന്നിലേറെ വൈസ് പ്രസിഡണ്ടുമാരെ നിയോഗിക്കുമെന്നാണ് സൂചന
ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പോടിയായി സംഘടനാ തലത്തിൽ വൻ അഴിച്ചുപണിക്ക് ഒരുങ്ങി കോൺഗ്രസ്. സച്ചിൻ പൈലറ്റ്, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർക്ക് ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ പ്രാധാന്യം കിട്ടുന്ന പുനഃസംഘടനാണ് അണിയറയിലുള്ളത്. ഗാന്ധി കുടുംബം തന്നെയാകും തലപ്പത്തുണ്ടാകുക.
പഞ്ചാബിൽ ക്യാപ്റ്റൻ അമീരന്ദർ സിങ്ങിനെതിരെ നവ്‌ജ്യോത് സിങ് സിദ്ദുവും രാജസ്ഥാനിൽ അശോക് ഗെലോട്ടിനെതിരെ സച്ചിൻ പൈലറ്റും രംഗത്തെത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് നേതൃതലത്തിൽ മാറ്റങ്ങൾ വരുന്നത്. പുനഃസംഘടന വേണമെന്നത് പാർട്ടിക്കുള്ളിലെ ദീർഘകാല ആവശ്യമാണ്. ഇക്കാര്യം ഉന്നയിച്ച് ജി23 സംഘം നേരത്തെ അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. കത്ത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
അധ്യക്ഷ സ്ഥാനത്തേക്ക് വരാൻ രാഹുൽ വിസമ്മതിച്ചു നിൽക്കുന്ന സാഹചര്യത്തിൽ ഒന്നിലേറെ വൈസ് പ്രസിഡണ്ടുമാരെ നിയോഗിക്കുമെന്നാണ് സൂചന. വർക്കിങ് പ്രസിഡണ്ട് തസ്തികയെ കുറിച്ചും ആലോചനയുണ്ട്.
അതിനിടെ, ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് അധിർ രഞ്ജൻ ചൗധരിയെ മാറ്റാൻ നീക്കം നടക്കുന്നുണ്ട്. ശശി തരൂർ, മനീഷ് തിവാരി എന്നിവരെയാണ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ബംഗാളിൽ മമത ബാനർജിയുമായി സഹകരിക്കുന്നതിന്റെ ഭാഗമായാണ് അധിറിനെ മാറ്റുന്നത് എന്നാണ് സൂചന.