കോൺഗ്രസ് പറഞ്ഞു 'മണിപ്പൂർ'; മോദി കേട്ടു 'കരീന കപൂർ'; പ്രധാനമന്ത്രിക്കെതിരെ വീണ്ടും കോൺഗ്രസ്

മോദി മണിപ്പൂർ വിഷയത്തിൽ നിന്ന് ഒഴിഞ്ഞ് മാറുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്

Update: 2024-12-12 10:27 GMT
Editor : ശരത് പി | By : Web Desk
Advertising

ന്യൂഡൽഹി: ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ബോളിവുഡ് നടി കരീന കപൂറും കുടുംബവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കപൂർ കുടുംബത്തിന് ബോളിവുഡിൽ സ്ഥാനം നൽകിയ രാജ് കപൂറിന്റെ നൂറാം ജന്മദിനത്തിലായിരുന്നു മോദി - കപൂർ കുടുംബം കൂടിക്കാഴ്ച. നടനും സംവിധായകനും നിർമാതാവുമായ രാജ് കപൂറിന്റെ പേരിൽ ഫിലിം നടത്തുന്ന ഫിലിം ഫെസ്റ്റിവലിലേക്ക് പ്രധാനമന്ത്രിയെ കരീന കപൂർ ക്ഷണിക്കുകയും ചെയ്തു.

സംഭവത്തിൽ പ്രധാനമന്ത്രിയെ പരിഹസിച്ചും ഗുരുതരമായ മണിപ്പൂർ വിഷയം മുന്നോട്ടുവെച്ചും രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. ''ഞങ്ങൾ പറഞ്ഞു മണിപ്പൂർ മോദി വിചാരിച്ചു കരീന കപൂർ" എന്നാണ് കോൺഗ്രസിന്റെ പരിഹാസ പരാമർശം.

കരീന കപൂറിനെ കൂടാതെ രൺബീർ കപൂർ, ആലിയ ബട്ട്, കരിഷ്മ കപൂർ, റിദിമ കപൂർ സാഹ്നി, ആധാർ ജൈൻ, അർമാൻ ജൈൻ, എന്നിവരും പ്രധാനമന്ത്രിയോടൊപ്പം ഫോട്ടോ പങ്കുവെച്ചിരുന്നു.

മണിപ്പൂരുമായി ബന്ധപ്പെട്ട് കിട്ടുന്ന അവസരങ്ങളിലെല്ലാം പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് ആക്രമണങ്ങൾ നടത്തുന്നുണ്ടെങ്കിലും കലുഷിതമായ സംസ്ഥാനം സന്ദർശിക്കാനോ വിഷയത്തിൽ പ്രതികരിക്കാനോ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല.

കഴിഞ്ഞ വർഷം മെയ് മാസം തൊട്ട് ആരംഭിച്ച കലാപത്തിൽ 200 പേർക്കാണ് ജിവൻ നഷ്ടമായത്.

മണിപ്പൂരിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി ആർഎസ്എസും വിദ്യാർഥി വിഭാഗമായ എബിവിപിയും രംഗത്തുവന്നിരുന്നു. കലാപം തടയുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടുവെന്നാണ് എബിവിപി മണിപ്പൂർ ഘടകം പോലും വിമർശിച്ചത്.

ആറ് നിരപരാധികളായ സാധാരണക്കാരെ തട്ടിക്കൊണ്ടുപോയി കൊല ചെയ്ത ഹീനമായ നടപടിയിലൂടെ 2023 മേയിൽ ആരംഭിച്ച അഭൂതപൂർവമായ തലത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് എബിവിപി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മൂന്നു വീതം കുട്ടികളും സ്ത്രീകളുമാണു കൊല്ലപ്പെട്ടത്. കൂട്ടത്തിൽ ഏഴു മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. സ്ത്രീകളെയും കുട്ടികളെയും വെറുതെവിടണമെന്ന ഏറ്റവും അടിസ്ഥാനപരമായ മാനുഷികതത്വങ്ങളെ പോലും വെല്ലുവിളിക്കുന്ന നടപടിയാണിത്. ആറുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും വീടുകൾ അഗ്‌നിക്കിരയാക്കുകയും പൊലീസിനെയും സിആർപിഎഫിനെയും ആക്രമിക്കുകയും ചെയ്ത സായുധ സംഘങ്ങളുടെ നടപടിയെ എബിവിപി സംസ്ഥാന ഘടകം ശക്തമായി അപലപിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News