എൽ.പി.ജി സിലിണ്ടർ വില വർധന; വാക്ക് പാലിക്കാത്ത സ്മൃതി ഇറാനി വീട്ടമ്മമാരോട് മാപ്പ് പറയണമെന്ന് കോൺഗ്രസ്
റാംപുരിൽ സ്മൃതിയുടെ സന്ദർശനത്തിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
ഷിംല: എൽ.പി.ജി സിലിണ്ടർ വില കുറയ്ക്കുമെന്ന വാക്ക് പാലിക്കാത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാജ്യത്തെ വീട്ടമ്മമാരോട് മാപ്പ് പറയണമെന്ന് കോൺഗ്രസ്. 2014ൽ മോദി സർക്കാർ അധികാരമേറ്റതിനു പിന്നാലെ ഇതുവരെ എൽ.പി.ജി വില ഇരട്ടിയായെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
സ്മൃതിയെ 'സിലിണ്ടർ സിൻട്രല്ല' എന്ന് വിളിച്ച ഹിമാചൽ പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് പ്രതിഭ സിങ്, നാളെ അവർ ഷിംല ജില്ലയിലെ റാംപുരിൽ വരുമ്പോൾ സംസ്ഥാനത്തെ സ്ത്രീകളോട് മാപ്പ് പറയണം എന്നാവശ്യപ്പെട്ടു. യു.പി.എ ഭരണകാലത്തേതിനേക്കാൾ 410 രൂപയുടെ വർധനയാണ് 2014 മുതൽ എൽ.പി.ജി സിലിണ്ടർ വിലയിൽ ഉണ്ടായത്. ഇപ്പോൾ 1100ന് മുകളിലാണ് വിലയെന്നും അവർ വ്യക്തമാക്കി.
റാംപുരിൽ സ്മൃതിയുടെ സന്ദർശനത്തിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇന്ന് മിണ്ടാതിരിക്കുന്ന സ്മൃതി ഇറാനി, അന്ന് പാചകവാതക സിലിണ്ടർ വില വർനയിൽ ഉറക്കെ കരഞ്ഞിരുന്നുവെന്ന കാര്യം കോൺഗ്രസ് അവരെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് എഐസിസി വക്താവ് അൽക ലാംബ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്തംബർ 17 രാഷ്ട്രീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കാനാനാണ് കോൺഗ്രസിന്റെ തീരുമാനം. ഓരോ വർഷവും രണ്ട് കോടി യുവാക്കൾക്ക് ജോലി നൽകേണ്ട ഉത്തരവാദിത്തം അദ്ദേഹം മാനിച്ചില്ലെന്നും അൽക ലാംബ വ്യക്തമാക്കി.
2018- 19ൽ 83177 എൽ.പി.ജി ഉപഭോക്താക്കൾ റീഫിൽ ചെയ്തപ്പോൾ 2021- 22ൽ 9,415 ഉപഭോക്താക്കൾ മാത്രമാണ് റീഫിൽ ചെയ്തതെന്ന് അൽക പറഞ്ഞു. എൽ.പി.ജി സിലിണ്ടറിന്റെ സബ്‌സിഡി 2019ൽ 37,209 കോടി രൂപയിൽ നിന്ന് ഈ വർഷം 242 കോടി രൂപയായി വെട്ടിക്കുറച്ചെന്നും അൽക കൂട്ടിച്ചേർത്തു.
പെട്രോൾ, ഡീസൽ, പാചക വാതക വിലക്കയറ്റത്തിനെതിരെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്മൃതി ഇറാനിയുടെ വസതിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
യു.പി.എ ഭരണകാലത്ത് എൽ.പി.ജി സിലിണ്ടർ വില വർധനവിനെതിരെ സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് ബി.ജെ.പി നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ മിണ്ടാത്തതിനും വില കുറയ്ക്കാൻ ഇടപെടൽ നടത്താത്തതിനുമെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.