മധ്യപ്രദേശില്‍ കര്‍ണാടക മാതൃക പിന്തുടരാന്‍ കോണ്‍ഗ്രസ്; ജൂണ്‍ 12ന് പ്രചാരണം തുടങ്ങും
ജബൽപൂരിലാണ് പ്രിയങ്ക ഗാന്ധി ആദ്യം പ്രസംഗിക്കുക
ഭോപ്പാല്‍: മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കോൺഗ്രസ് അടുത്ത ആഴ്ച ആരംഭിക്കും. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് പ്രചാരണത്തിന് നേതൃത്വം നൽകുക. ജബൽപൂരിലാണ് പ്രിയങ്ക ആദ്യം പ്രസംഗിക്കുന്നത്.
കർണാടക മാതൃകയിൽ സ്ഥാനാർഥികളെ മുൻകൂട്ടി പ്രഖ്യാപിച്ച് ചിട്ടയായ പ്രവർത്തനമാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. രാഹുൽ ഗാന്ധി അമേരിക്കൻ സന്ദർശനത്തിലായതിനാല്‍ പന്ത്രണ്ടാം തിയ്യതിയിലെ പ്രചാരണ തുടക്കത്തിന് പ്രിയങ്ക ഗാന്ധിയെയാണ് നിയോഗിച്ചിരിക്കുന്നത്. നിരവധി മന്ത്രിമാർ പ്രതിനിധീകരിക്കുന്ന മഹാകോശാൽ മേഖലയിലാണ് പ്രിയങ്കയുടെ പര്യടനം.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കടന്നുപോകാതിരുന്ന മേഖല ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് തുടക്കം ഈ പ്രദേശത്താക്കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഞെട്ടിപ്പിച്ചാണ്, കോൺഗ്രസ് മേൽക്കൈ നേടിയത്. ബി.ജെ.പിയിൽ നിന്നും 56 സീറ്റ് പിടിച്ചെടുത്ത് 114 എന്ന സംഖ്യയിൽ എത്തി. പിന്നീട് കോൺഗ്രസിൽ നിന്നും ജ്യോതിരാദിത്യ സിന്ധ്യയെയും എം.എൽ.എമാരെയും അടർത്തിമാറ്റിയാണ് ബി.ജെ.പി ഭരണം കൈക്കലാക്കിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മികച്ച ജനബന്ധവും പാർട്ടിക്കൂറുമുള്ള നേതാക്കളെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാക്കുക. ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിൽ പോലും കമൽനാഥിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയുള്ള പ്രചാരണമാണ് കോൺഗ്രസ് നടത്തുക.