ബി.ജെ.പി എം.പിയുടെ മദ്യവിതരണം: ജെ.പി. നഡ്ഡ മറുപടി പറയണമെന്ന് കോൺഗ്രസ്
ട്രക്കുകളിൽ കൊണ്ടുവന്ന മദ്യക്കുപ്പികൾ ശേഖരിക്കാൻ ആളുകളുടെ നീണ്ട വരിയായിരുന്നു
ബംഗളൂരു: കർണാടകയിൽ ബി.ജെ.പി എം.പിയുടെ വിജയാഘോഷ പരിപാടിയിൽ പരസ്യമായി മദ്യം വിതരണം ചെയ്തതിനെതിരെ കോൺഗ്രസ്. ചിക്കബല്ലാപുർ എം.പി കെ. സുധാകറാണ് പരിപാടി സംഘടിപ്പിച്ചത്. നെലമംഗലയിൽ ഞായറാഴ്ചയാണ് സംഭവം. ചടങ്ങിൽ പ്രതിപക്ഷ നേതാവ് ആർ. അശോകനും ജെ.ഡി.എസ് നേതാക്കളുമെല്ലാം പങ്കെടുത്തിരുന്നു.
സംഭവത്തെ വിമർശിച്ചുകൊണ്ട് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ രംഗത്തുവന്നു. ‘നെലമംഗലയിൽ നടന്ന പൊതുചടങ്ങളിൽ മദ്യം വിതരണം ചെയ്തിരിക്കുകയാണ്. കേസെടുക്കുന്നത് മറ്റൊരു വിഷയമാണ്. പക്ഷെ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ഇതിൽ നിർബന്ധമായും ഉത്തരം പറയണം. എങ്ങനെയാണ് എം.പിക്ക് മദ്യം വിതരണം ചെയ്യാൻ അനുമതി ലഭിച്ചത്’ -ശിവകുമാർ പറഞ്ഞു. പൊതുയോഗങ്ങളിൽ മദ്യം വിതരണം ചെയ്തുകൊണ്ട് എങ്ങനെയാണ് ബി.ജെ.പി അവരുടെ സംസ്കാരം ഉയർത്തിപ്പിടിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നേതാക്കൾ ജനങ്ങളോട് പറയണമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
പൊലീസ് നിർദേശവും മുന്നറിയിപ്പും അവഗണിച്ചാണ് മദ്യം വിതരണം ചെയ്തത്. ട്രക്കുകളിൽ കൊണ്ടുവന്ന മദ്യക്കുപ്പികൾ ശേഖരിക്കാൻ സ്ഥലത്ത് ആളുകളുടെ നീണ്ട വരിയായിരുന്നു. പൊലീസിൻ്റെ സാന്നിധ്യത്തിലായിരുന്നു മദ്യം വിളമ്പിയത്.
പരിപാടിയിൽ സുരക്ഷയ്ക്കായി ഉദ്യോഗസ്ഥരെ വിന്യസിക്കണം എന്നാവശ്യപ്പെട്ട് എം.പി പൊലീസ് വകുപ്പിന് കത്തെഴുതുകയും പാർട്ടിയിൽ മദ്യം വിളമ്പുമെന്ന് വ്യക്തമായി പരാമർശിക്കുകയും ചെയ്തിരുന്നു. 'ഉച്ചയ്ക്ക് 12.30 മുതൽ സ്റ്റേജ് പരിപാടി ആരംഭിക്കും. അതിൽ ഭക്ഷണവും മദ്യവും നൽകുന്നതായിരിക്കും'- എന്നായിരുന്നു ബി.ജെ.പി നേതാവ് പൊലീസിന് നൽകിയ ഔദ്യോഗിക കത്തിൽ പറഞ്ഞിരുന്നത്.
എന്നാൽ, പരിപാടിയിൽ മദ്യം വിളമ്പരുതെന്ന് ബെംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട് സി.കെ ബാബ എം.പിയോട് പറഞ്ഞു. നിർദേശം ലംഘിച്ചാൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകി. 'പരിപാടിയിൽ മദ്യം വിളമ്പരുതെന്ന് സംഘാടകരോട് പറയുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. വ്യവസ്ഥകൾ ലംഘിച്ചാൽ കേസെടുക്കുമെന്നും അവരോട് പറഞ്ഞിരുന്നു. എന്നാൽ മദ്യം വിളമ്പാൻ എക്സൈസ് വകുപ്പിൻ്റെ അനുമതി വാങ്ങുകയായിരുന്നു'- അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചിക്കബല്ലാപുർ മണ്ഡലത്തിൽ നിന്ന് ഒന്നരലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കെ. സുധാകർ കോൺഗ്രസ് സ്ഥാനാർഥി എം.എസ് രക്ഷാ രാമയ്യയെ പരാജയപ്പെടുത്തിയത്.