മുറിവുണങ്ങാത്ത നൂഹിൽ കോൺഗ്രസ് മുന്നേറ്റം; മൂന്നു സീറ്റിലും വൻ ഭൂരിപക്ഷം, രണ്ടിടത്ത് ബിജെപി മൂന്നാം സ്ഥാനത്ത്
നൂഹിൽ 2019ലെ 4,038ന്റെ ഭൂരിപക്ഷം ഇത്തവണ പത്തിരട്ടിയിലേറെയായാണ് കോൺഗ്രസ് ഉയർത്തിയത്
ചണ്ഡിഗഢ്: 2023ൽ ഹരിയാനയിൽ ഏഴുപേരുടെ മരണത്തിനും നൂറുകണക്കിനു പേരുടെ പരിക്കിനുമിടയാക്കിയ വർഗീയ സംഘർഷത്തിന്റെ മുറിവുണങ്ങാത്ത നൂഹിൽ കോൺഗ്രസിൽ വിശ്വാസമർപ്പിച്ച് വോട്ടർമാർ. നൂഹ് ജില്ലയിലെ മൂന്ന് നിയമസഭാ സീറ്റിലും കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണുണ്ടാക്കിയത്. നൂഹ് മണ്ഡലം ഉൾപ്പെടെ രണ്ടിടത്ത് ബിജെപി മൂന്നാം സ്ഥാനത്താണെന്നതും ശ്രദ്ധേയമാണ്.
നൂഹ് നിയമസഭാ മണ്ഡലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ആദ്യമായി വിജയം പ്രഖ്യാപിച്ചത്. 46,963 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ ആഫ്താബ് അഹ്‌മദ് ഇന്ത്യൻ നാഷനൽ ലോക്ദളിന്റെ താഹിർ ഹുസൈനെ തോൽപിച്ചത്. ആഫ്താബിന് 91,833 വോട്ട് ലഭിച്ചപ്പോൾ താഹിർ ഹുസൈന് കിട്ടിയത് 44,870 വോട്ടാണ്. വെറും 15,902 വോട്ടാണ് ബിജെപി സഞ്ജയ് സിങ്ങിന് നേടാനായത്. ഇവർക്കു പുറമെ ജനനായക് പാർട്ടിയുടെ ബിരേന്ദറും ആം ആദ്മി പാർട്ടിയുടെ റാബിയ കിദ്വായിയും ഭാരത് ജോഡോ പാർട്ടിയുടെ അൻവറും നൂഹിൽ മത്സരരംഗത്തുണ്ടായിരുന്നു.
2019ലെ 4,038ന്റെ ഭൂരിപക്ഷമാണ് ഇത്തവണ പത്തിരട്ടിയിലേറെയായി കോൺഗ്രസ് ഉയർത്തിയത്. കഴിഞ്ഞ തവണ 48,273 വോട്ട് നേടി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബിജെപി ഇത്തവണ 15,000ത്തിലേക്ക് കൂപ്പുകുത്തി. മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തിരിക്കുകയാണ്.
നൂഹിലെ മറ്റൊരു മണ്ഡലമായ പുൻഹാനയിലും കോൺഗ്രസ് വൻ മുന്നേറ്റമാണു നടത്തിയത്. ഹരിയാനയിലെ പ്രമുഖ മുസ്‌ലിം നേതാവും മുൻ പാർലമെന്റ് അംഗവുമായ ചൗധരി റഹീം ഖാന്റെ തട്ടകം കൂടിയാണ് പുൻഹാന. മുൻ മന്ത്രിയും റഹീം ഖാന്റെ മകനുമായ മുതിർന്ന കോൺഗ്രസ് നേതാവ് ചൗധരി മുഹമ്മദ് ഇല്യാസ് ചൗധരി 31,916 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ വൻ വിജയമാണു നേടിയത്. 85,300 വോട്ടാണ് അദ്ദേഹത്തിനു ലഭിച്ചത്. 53,384 വോട്ടുമായി സ്വതന്ത്രനായ റഹീഷ് ഖാനാണ് ഇവിടെ രണ്ടാം സ്ഥാനത്തുള്ളത്. ബിജെപിയുടെ മുഹമ്മദ് ഐസാസ് ഖാൻ വെറും 5,072 വോട്ടുമായി മൂന്നാം സ്ഥാനത്താണുള്ളത്. ആം ആദ്മി പാർട്ടിയും ആസാദ് സമാജ് പാർട്ടിയും ഇന്ത്യൻ നാഷനൽ ലോക്ദളും സ്വതന്ത്ര സ്ഥാനാർഥിയുമെല്ലാം ഇവിടെ മത്സരരംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ തവണ വെറും 816 സീറ്റിനായിരുന്നു കോൺഗ്രസ് നേതാവ് ചൗധരി മുഹമ്മദ് ഇല്യാസ് പുൻഹാനയിൽ വിജയിച്ചത്. സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന റാഷിദ് ഖാനാണ് അന്നിവിവിടെ കോൺഗ്രസിനു വെല്ലുവിളിയുയർത്തിയത്. ബിജെപിയുടെ നൗക്ഷം ചൗധരിക്ക് 21,421 വോട്ടും ലഭിച്ചിരുന്നു. ഇതാണ് ഇത്തവണ വെറും അയ്യായിരത്തിലേക്ക് കുത്തനെ ഇടിഞ്ഞത്.
മൂന്നാമത്തെ മണ്ഡലമായ ഫിറോസ്പൂര് ജിർക്കയിൽ ഒരു ലക്ഷത്തിനടുത്താണ് സിറ്റിങ് എംഎൽഎ കൂടിയായ കോൺഗ്രസ് സ്ഥാനാർഥി മാമൻ ഖാന്റെ ഭൂരിപക്ഷം. 98,441 വോട്ടിനാണ് അദ്ദേഹത്തിന്റെ വിജയം. മാമൻ 1,30,497 വോട്ടുമായി വൻ കുതിപ്പ് നടത്തിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് 32,056 വോട്ടാണ്. ഇന്ത്യൻ നാഷനൽ ലോക്ദളിന്റെ മുഹമ്മദ് ഹബീബ്(15,638) ആണ് മൂന്നാം സ്ഥാനത്തുള്ളത്. ജനനായക് പാർട്ടിയും ആം ആദ്മി പാർട്ടിയും മൂന്ന് സ്വതന്ത്രരും ഇവിടെ ജനവിധി തേടിയിരുന്നു.
2019ലെ 37,004 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ മാമൻ ഖാൻ ഇരട്ടിയായി വർധിപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവിന് 84,546ഉം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബിജെപിയുടെ നസീം അഹ്‌മദിന് 47,542ഉം വോട്ടാണ് അന്നു ലഭിച്ചിരുന്നത്.
2023 ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് നൂഹ് ജില്ല വലിയ വർഗീയ സംഘർഷത്തിനു സാക്ഷിയായത്. വിശ്വഹിന്ദു പരിഷത്ത് നടത്തിയ നൂഹിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തിലൂടെ നടത്തിയ ശോഭായാത്രയിലായിരുന്നു അക്രമസംഭവങ്ങൾക്കു തുടക്കം. ഹരിയാനയിൽ നസീർ, ജുനൈദ് എന്നിങ്ങനെ രണ്ട് യുവാക്കളെ വാഹനത്തിൽ ജീവനോടെ ചുട്ടുകൊന്ന കേസിൽ പ്രതിയായ ഗോരക്ഷാഗുണ്ട മോനു മനേസർ യാത്രയിൽ പങ്കെടുക്കുമെന്നു പ്രചാരണമുണ്ടായിരുന്നു. ഇതു വലിയ സംഘർഷത്തിനിടയാക്കി. യാത്രയ്ക്കു നേരെ കല്ലെറിഞ്ഞെന്ന പരാതി ഉയർന്നതിനു പിന്നാലെ മുസ്‌ലിം വീടുകളും വ്യാപാരസ്ഥാപനങ്ങളും തിരഞ്ഞുപിടിച്ച് ദിവസങ്ങളോളം ആക്രമണം നടക്കുകയായിരുന്നു. തൊട്ടടുത്തുള്ള ഗുരുഗ്രാമിലേക്കും സോഹ്നയിലേക്കുമെല്ലാം കലാപം പടർന്നിരുന്നു.
Summary: Congress wins big in all three seats in Haryana' Nuh, BJP in third place in two