'കെജ്രിവാളിനെ ജയിലിൽവെച്ച് കൊല്ലാൻ ഗൂഢാലോചന'; ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി
'തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാനാവാത്തതിനാൽ കൊല്ലാൻ ശ്രമിക്കുന്നു'
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലിൽവെച്ച് കൊല്ലാൻ ഗൂഢാലോചന നടക്കുന്നെന്ന് ആം ആദ്മി പാർട്ടി. കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ദിവസങ്ങളായി വ്യതിയാനം സംഭവിക്കുന്നു. അദ്ദേഹം ആവശ്യപ്പെട്ടിട്ടും തിഹാർ ജയിൽ അധികൃതർ ഇൻസുലിൻ നൽകുന്നില്ലെന്നും ഡൽഹി മന്ത്രി അതിഷി ആരോപിച്ചു.
'30 വർഷമായി പ്രമേഹരോഗ ബാധിതനായ ഒരാൾക്ക് ഇൻസുലിൻ നിഷേധിക്കുന്നത് എന്ത് ഗൂഢാലോചനയുടെ ഭാഗമാണ്. കെജ്രിവാളിനെ കൊല്ലാനാണോ അവർ ശ്രമിക്കുന്നത്. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ പറ്റാത്ത നേതാവാണ് കെജ്രിവാൾ. അദ്ദേഹത്തെ ജയിലിലടച്ച് കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നത്' -അതിഷി പറഞ്ഞു.
ജാമ്യം ലഭിക്കാനായി കെജ്രിവാൾ മാങ്ങയും മറ്റു മധുര പലഹാരങ്ങളും കഴിക്കുന്നുവെന്നാണ് ഇ.ഡി കോടതിയിൽ അറിയിച്ചത്. പ്രമേഹം ബാധിച്ചതിനാൽ പെട്ടെന്ന് പഞ്ചസാരയുടെ അളവ് കുറയാൻ സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ കഴിക്കാനാണ് പഴങ്ങളും മിട്ടായിയും കൈയിൽ കരുതുന്നത്. ഇത് ഡോക്ടറുടെ നിർദേശപ്രകാരമാണെന്നും അതിഷി ചൂണ്ടിക്കാട്ടി.
കെജ്രിവാളിന് വീട്ടിലുണ്ടാക്കിയ ഭക്ഷണം നൽകണമെന്ന് കോടതി വിധിയുണ്ട്. നിരന്തരം കള്ളങ്ങൾ പറഞ്ഞ് വീട്ടിലുണ്ടാക്കിയ ഭക്ഷണം നിഷേധിക്കുകയാണ് ഇ.ഡിയും ബി.ജെ.പിയും ലക്ഷ്യമിടുന്നത്. ഇ.ഡിയെ ഉപയോഗിച്ച് കെജ്രിവാളിന്റെ ആരോഗ്യം വഷളാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അതിഷി കൂട്ടിച്ചേർത്തു.