കാവഡ് യാത്രയില്‍ വീണ്ടും വിവാദം; ഉത്തരാഖണ്ഡില്‍ പള്ളികളും ദര്‍ഗയും തുണികെട്ടി മറച്ച് ഭരണകൂടം

കഴിഞ്ഞ 40 വര്‍ഷമായി കാവഡ് യാത്രയില്‍ ഒരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്നും ഭക്തര്‍ ഇവിടെ വരികയും വിശ്രമിക്കുകയുമെല്ലാം ചെയ്യാറുള്ളതാണെന്നുമാണ് ദര്‍ഗ നടത്തിപ്പുകാരനായ ഷകീല്‍ പറഞ്ഞത്

Update: 2024-07-26 16:09 GMT
Editor : Shaheer | By : Web Desk
Advertising

ഡെറാഡൂണ്‍: കാവഡ് യാത്രാറൂട്ടിലെ പള്ളികളും ദര്‍ഗയും മറയ്ക്കാന്‍ ഉത്തരവിട്ട് ഉത്തരാഖണ്ഡ് ഭരണകൂടം. തുണികെട്ടി മറയ്ക്കാനാണ് ഡെറാഡൂണിലെ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നതെന്ന് 'ഇന്ത്യ ടുഡേ' റിപ്പോര്‍ട്ട് ചെയ്തു. ഉത്തരവിനു പിന്നാലെ പള്ളികള്‍ മറച്ചുകെട്ടുകയും ചെയ്തു. എന്നാല്‍, നടപടി വിവാദമായതോടെ മറ പിന്നീട് മാറ്റിയിട്ടുണ്ട്.

ആര്യനഗറിലെ ഇസ്‌ലാം നഗര്‍ മസ്ജിദും സമീപപ്രദേശത്തെ ദര്‍ഗയും തുണികെട്ടി മറയ്ക്കാനാണ് ഭരണകൂടം നിര്‍ദേശിച്ചിരുന്നത്. ഇവിടെ തന്നെ ഒരു മേല്‍പ്പാലത്തോടു ചേര്‍ന്നുനില്‍ക്കുന്ന പള്ളിയും മറയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ ഇവിടെയെല്ലാം അധികൃതരെത്തി വെള്ള നിറത്തിലുള്ള തുണികെട്ടി മറയ്ക്കുകയും ചെയ്തു.

അനിഷ്ട സംഭവങ്ങള്‍ തടയാന്‍ വേണ്ടിയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ് പ്രതികരിച്ചത്. കാവഡ് യാത്രയുടെ സുഗമമായ നടത്തിപ്പും ഉത്തരവിന്റെ ലക്ഷ്യമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, നടപടിക്കു പിന്നാലെ വന്‍ വിമര്‍ശനവും ഉയര്‍ന്നു.

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉത്തരവിനെതിരെ പരസ്യമായി രംഗത്തെത്തി. യാത്രാവഴിയിലെ അമ്പലങ്ങളും പള്ളികളും ചര്‍ച്ചുകളുമെല്ലാമാണ് ഇന്ത്യയെന്ന് റാവത്ത് പ്രതികരിച്ചു. ഏതെങ്കിലും മതക്കാരുടെ ആരാധനാലയങ്ങളുടെ നിഴല്‍ വീണാല്‍ പോലും അവിടെനിന്നു രക്ഷപ്പെടാന്‍ മാത്രം ഇടുങ്ങിയ മനസുള്ളവരാണോ കാവഡ് യാത്രികരെന്ന് അദ്ദേഹം ചോദിച്ചു.


പള്ളി, ദര്‍ഗ അധികൃതരും നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തങ്ങളെ അറിയിക്കുക പോലും ചെയ്യാതെയാണ് സര്‍ക്കാര്‍ വൃത്തങ്ങളെത്തി തുണികെട്ടി മറച്ചതെന്ന് ദര്‍ഗ നടത്തിപ്പുകാരനായ ഷകീല്‍ അഹ്മദ് പ്രതികരിച്ചു. കഴിഞ്ഞ 40 വര്‍ഷമായി കാവഡ് യാത്രയില്‍ തങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലായിരുന്നു. എന്നാല്‍, ഇപ്പോഴിത് ചെയ്തത് എന്തിനാണെന്നു മനസിലാകുന്നില്ല. ഇവിടെ ഒരു തരത്തിലുമുള്ള കുഴപ്പവും ഉണ്ടാകാറില്ല. ഭക്തര്‍ ഇവിടെ വരികയും വിശ്രമിക്കുകയും സമാധാനത്തോടെ കടന്നുപോകുകയും ചെയ്യാറുള്ളതാണെന്നും അദ്ദേഹം ഷകീല്‍ ചൂണ്ടിക്കാട്ടി.

മുന്‍കൂട്ടി വിവരം അറിയിക്കാതെയാണ് പള്ളി മറച്ചുകെട്ടിയതെന്ന് ഇസ്‌ലാം നഗറിലെ ഇമാം അന്‍വര്‍ അലി പറഞ്ഞു. പൊലീസ് വന്ന് തടയാന്‍ ശ്രമിക്കരുതെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഒരു രാത്രി വന്ന് തുണി കെട്ടി മറയ്ക്കുകയാണു ചെയ്തത്. ഇത്തരമൊരു സംഭവം മുന്‍പൊന്നുമുണ്ടായിട്ടില്ലെന്നും ഇമാം പറഞ്ഞു.

തുണി കെട്ടി മറച്ചിട്ടും കാവഡ് യാത്രികര്‍ ഇവിടെ വന്നു സാധനങ്ങള്‍ വാങ്ങുന്നുണ്ടെന്ന് പ്രദേശത്ത് 60 വര്‍ഷത്തോളമായി ജീവിക്കുന്ന കച്ചവടക്കാരനായ യൂനുസ് പ്രതികരിച്ചത്. ഭരണകൂടം സുരക്ഷാ പ്രശ്‌നങ്ങളാണെന്നാണു പറയുന്നത്. എന്നാല്‍, ഇത്തരം നടപടികള്‍ ഇത്രയും കാലം കണ്ടിട്ടില്ല. ഇതാദ്യമായാണ് ഇങ്ങനെയൊരു ഉത്തരവുണ്ടാകുന്നതെന്നും യൂനുസ് ചൂണ്ടിക്കാട്ടി.

അതിനിടെ, കാവഡ് യാത്രാറൂട്ടില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവിന്റെ സ്റ്റേ സുപ്രിംകോടതി നീട്ടിയിരിക്കുകയാണ്. യാത്ര കടന്നുപോകുന്ന പാതയിലെ ഭക്ഷണശാലകള്‍ക്കുമുന്നില്‍ ഉടമകളുടെയും ജീവനക്കാരുടെയും പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സര്‍ക്കാരുകളുടെ വിവാദ ഉത്തരവ്. ഇത് സ്‌റ്റേ ചെയ്ത് ജൂലൈ 22ന് സുപ്രിംകോടതി ഇടക്കാല ഉത്തരവിറക്കി. കേസില്‍ യു.പി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഉള്‍പ്പെടെ ഇന്നു പരിശോധിച്ച കോടതി സ്‌റ്റേ നീട്ടുകയായിരുന്നു.

Summary: Covering of mosques and dargah on Kanwar Yatra route in Haridwar sparks row

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News