അഞ്ചുദിവസത്തെ കോഴ്‌സിന് 1400 രൂപ; മോൾനുപിരാവിർ അടുത്താഴ്ച വിപണിയിലെത്തും

കൊവിഡ് ചികിത്സക്കുള്ള ആന്റിവൈറൽ മരുന്നിന് കഴിഞ്ഞ ദിവസമാണ് അടിയന്തരാനുമതി ലഭിച്ചത്

Update: 2022-01-04 06:56 GMT
Editor : Lissy P | By : Web Desk
Advertising

കൊവിഡ് ചികിത്സക്കായി അടിയന്തരാനുമതി ലഭിച്ച മോൾനുപിരാവിർ ആന്റിവൈറൽ ഗുളിക അടുത്താഴ്ച വിപണിയിലെത്തും. അഞ്ചുദിവസത്തെ കോഴ്‌സിന് 1399 രൂപയാണ്. ഒരു ഗുളികക്ക് 35 രൂപയായിരിക്കും ഈടാക്കുന്നത്. മാൻകൈൻഡ് ഫാർമയാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ മോൾനുപിരാവിർ ഗുളിക പുറത്തിറക്കുന്നത്.

മൊൾനുപിരാവിർ 800 മില്ലിഗ്രാമിന്റെ ഡോസ് ദിവസം രണ്ടുനേരെ വെച്ച് അഞ്ച് ദിവസമാണ് കഴിക്കേണ്ടത്. 200 മില്ലിഗ്രാമിന്റെ 40 ഗുളികയാണ് കഴിക്കേണ്ടത്. മോൾനുപിരാവിറിന്റെ വരവോട് കൂടി കൊവിഡ് ചികിത്സ ചെലവ് കുറഞ്ഞതും എളുപ്പമുള്ളതാക്കുമെന്ന് മാൻകൈൻഡ് ഫാർമ ചെയർമാൻ ആർ.സി ജുനേജ പറഞ്ഞു. കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള പ്രായമായ രോഗികളുടെ ചികിത്സയ്ക്കായി അടിയന്തിര സാഹചര്യത്തിൽ ഈ മരുന്ന് നിബന്ധനകളോടെ ഉപയോഗിക്കാൻ ഡിസംബർ 29 നാണ് അനുമതി നൽകിയിരുന്നത്.

സിപ്ല, സൺ ഫാർമ, ഡോ റെഡ്ഡീസ് ലബോറട്ടറീസ് എന്നീ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ അടുത്ത ആഴ്ചകളിൽ മോൾനുപിരാവിർ ഗുളികകൾ പുറത്തിറക്കും. മറ്റ് കമ്പനികളുടെ ഗുളികകൾക്ക്  2,000 മുതൽ 3,000 വരെ ഈടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ കൊവിഡിനെതിരായ എല്ലാ മരുന്നുകളും ഇൻജെക്ഷനോ ഐവിരൂപത്തിലോ ഉള്ളതാണ്. ഗുളിക രൂപത്തിലുള്ള മരുന്ന് ആദ്യമായാണ് കൊവിഡ് ചികിത്സക്കായി ഉപയോഗിക്കുന്നത്. യു.എസ് കമ്പനിയായ മെർക്ക് ആൻഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സാണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്. ഗുരുതര രോഗസാധ്യതയുള്ള മുതിർന്നവരിൽ മരുന്ന് ഉപയോഗിക്കാൻ യു.എസ്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും അനുമതി നൽകിയിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News