ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സി.പി.എം കേന്ദ്ര കമ്മിറ്റി
സി.പി.എം കേരള ഘടകത്തിന്‍റെ വിമർശനം രാഷ്ട്രീയ രേഖയിൽ കേന്ദ്രകമ്മിറ്റി ഉൾപ്പെടുത്തിയില്ല
കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സി.പി.എം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്. യാത്ര ദക്ഷിണേന്ത്യയിൽ മികച്ച പ്രതികരണം ഉണ്ടാക്കിയതായാണ് വിലയിരുത്തൽ. അതേസമയം സി.പി.എം കേരള ഘടകത്തിന്‍റെ വിമർശനം രാഷ്ട്രീയ രേഖയിൽ കേന്ദ്രകമ്മിറ്റി ഉൾപ്പെടുത്തിയില്ല.
'മതേതര പ്രതിപക്ഷ പാര്‍ട്ടികള്‍, സമീപകാല സംഭവങ്ങള്‍' എന്ന തലക്കെട്ടിലുള്ള ഭാഗത്താണ് ഭാരത് ജോഡോ യാത്രയെ സി.പി.എം പുകഴ്ത്തിയത്. രാഹുല്‍ ഗാന്ധിയുടെ യാത്ര കോണ്‍ഗ്രസിനെ ഒന്നിപ്പിക്കാനും ജനങ്ങളുമായുള്ള ബന്ധം വീണ്ടെടുക്കാനുമുള്ള ശ്രമമായി കാണുന്നുവെന്നാണ് പരാമര്‍ശം. രാഹുലിന്‍റെ യാത്ര ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതികരണമുണ്ടാക്കുന്നുവെന്ന് ഒക്ടോബര്‍ 29 മുതല്‍ 31 വരെ നടന്ന കേന്ദ്ര കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ അംഗീകരിച്ച രാഷ്ട്രീയ രേഖയില്‍ പറയുന്നു. ബി.ജെ.പി ശക്തി കേന്ദ്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ജനങ്ങളുടെ പ്രതികരണം എങ്ങനെയെന്ന് മനസ്സിലാക്കണമെന്നും പരാമര്‍ശമുണ്ട്.
അതേസമയം കേരളത്തിലെ സി.പി.എം നേതാക്കള്‍ ഭാരത് ജോഡോ യാത്രയെ പരിഹസിക്കുകയുണ്ടായി. കണ്ടെയിനര്‍ യാത്രയെന്ന് ഉള്‍പ്പെടെ പരിഹസിച്ചു. അതിനിടെയാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ രാഷ്ട്രീയ രേഖയില്‍ ഭാരത് ജോഡോ യാത്രയെ പുകഴ്ത്തിയത്.