റിങ്കു സിങ്ങും എസ്പി എംപി പ്രിയ സരോജും വിവാഹിതരാകുന്നതായി റിപ്പോർട്ട്
നിലവിൽ ലോക്‌സഭയിൽ പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമാണ് പ്രിയ സരോജ്


ലഖ്‌നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ് വിവാഹിതനാകുന്നതായി റിപ്പോർട്ട്. സമാജ്‌വാദി പാർട്ടി(എസ്പി) നേതാവും ലോക്‌സഭാ എംപിയുമായ പ്രിയ സരോജ് ആണു വധു. അതേസമയം, കഴിഞ്ഞ ദിവസം വിവാഹനിശ്ചയ ചടങ്ങ് നടന്നതായുള്ള പ്രചാരണങ്ങൾ എംപിയുടെ പിതാവും എസ്പി എംഎൽഎയുമായ തൂഫാനി സരോജ് തള്ളി. എന്നാൽ, ഇരു കുടുംബങ്ങളും തമ്മിൽ വിവാഹം സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം 'എബിപി ന്യൂസി'നോട് വെളിപ്പെടുത്തിയിട്ടുണ്ട്.
വിവാഹവാർത്തയോട് റിങ്കുവും പ്രിയയും ഇതുവരെ പ്രതികരിച്ചിട്ടില്ല. റിങ്കുവിന്റെ കുടുംബം അലിഗഡിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കൂടിയായ പ്രിയയുടെ ബന്ധുവിനെ വിവാഹത്തിൽ താൽപര്യം അറിയിച്ചെന്നാണ് 'എബിപി ന്യൂസി'നോട് വെളിപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള വിവാഹത്തെ കുറിച്ച് കുടുംബം കാര്യമായി ആലോചിക്കുന്നുണ്ട്. വിവാഹം ആയതിനാൽ കൂടുതൽ ചർച്ച ആവശ്യമാണെന്നും തൂഫാനി സരോജ് അറിയിച്ചു.
കഴിഞ്ഞ വർഷം ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ സംഘത്തിൽ അംഗമായിരുന്നു റിങ്കു സിങ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ(ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി മിന്നും പ്രകടനങ്ങളിലൂടെയാണ് കായികലോകത്ത് ശ്രദ്ധ നേടുന്നത്. അതേസമയം, ഉത്തർപ്രദേശിലെ ജോൻപൂർ ജില്ലയിലെ മച്ച്‌ലിഷഹറിൽനിന്നുള്ള ലോക്‌സഭാ എംപിയാണ് പ്രിയ സരോജ്. 25-ാം വയസിലാണ് അവർ ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. സഭയിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം കൂടിയാണവർ.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന ബിജെപി നേതാവും സിറ്റിങ് എംപിയുമായ ബി.പി സരോജിനെ തോൽപിച്ചാണ് പ്രിയ സരോജ് പാർലമെന്റിലെത്തുന്നത്. 35,850 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു എസ്പി നേതാവിന്റെ വിജയം. മച്ച്‌ലിഷഹറിൽ ഉൾപ്പെടെ മൂന്ന് തവണ ലോക്‌സഭാ എംപിയായിരുന്നു പ്രിയയുടെ പിതാവ് തൂഫാനി സരോജ്. നിലവിൽ മച്ച്‌ലിഷഹർ നിയമസഭാ അംഗം കൂടിയാണ്.
രാഷ്ട്രീയത്തിൽ പ്രവേശിക്കുംമുൻപ് നിയമരംഗത്ത് സജീവമായിരുന്നു പ്രിയ സരോജ്. ന്യൂഡൽഹിയിലെ എയർ ഫോഴ്‌സ് ഗോൾഡൻ ജൂബിലി ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു സ്‌കൂൾ പഠനം. ഡൽഹി സർവകലാശാലയിൽനിന്നും നോയ്ഡയിലെ അമിറ്റി സർവകലാശാലയിലും നിയമപഠനം പൂർത്തിയാക്കി. ഇതിനുശേഷം സുപ്രിംകോടതിയിൽ അഭിഭാഷകയാണ്.
അതേസമയം, നിലവിൽ ഇന്ത്യയുടെ ടി20 സംഘത്തിൽ സ്ഥിരാംഗമാണ് റിങ്കു സിങ്. 22ന് ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്കായുള്ള സ്‌ക്വാഡിലും താരം ഉൾപ്പെട്ടിട്ടുണ്ട്. ഫെബ്രുവരിയിൽ ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ സംഘത്തിലും റിങ്കു ഉണ്ടാകുമെന്നാണു സൂചന. അടുത്തിടെ അലിഗഢിൽ പുതിയ വീട് വാങ്ങിയ താരം വിവാഹശേഷം ഇവിടെ സ്ഥിരതാമസമാക്കിയേക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
Summary: Indian star cricketer Rinku Singh and SP's Lok Sabha MP Priya Saroj are reportedly getting married