150 കോടിയുടെ നികുതി വെട്ടിപ്പില്‍ റെയ്ഡ്; ബിജെപി നേതാവിന്റെ വീട്ടിൽനിന്ന് നാല് മുതലകളെ പിടിച്ചെടുത്ത് ഉദ്യോഗസ്ഥര്‍

മധ്യപ്രദേശിൽ ഉമാ ഭാരതി സർക്കാരിൽ മന്ത്രിയായിരുന്ന ഹർനാം സിങ്ങിന്‍റെ മകന്‍ കൂടിയാണ് ബിജെപി മുന്‍ എംഎല്‍എ ഹർവൻഷ് സിങ് റാത്തോഡ്

Update: 2025-01-11 09:39 GMT
Editor : Shaheer | By : Web Desk
Advertising

ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി നേതാവിന്റെ വീട്ടിലെ ആദായ നികുതി വകുപ്പ് റെയ്ഡിനിടെ അനധികൃതമായി വളർത്തുന്ന മുതലകളെ കണ്ടെത്തി. സാഗർ ജില്ലയിലെ ബന്ദയിൽ എംഎൽഎയായിരുന്ന ഹർവൻഷ് സിങ് റാത്തോഡിന്റെ വസതിയിൽ നടന്ന റെയ്ഡിനിടെയായിരുന്നു സംഭവം. നാല് മുതലകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കളെയാണു കണ്ടെത്തിയത്.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിക്കു പിന്നാലെയായിരുന്നു മുൻ എംഎൽഎയുടെയും സഹോദരങ്ങളുടെയും വീടുകളിൽ ഉദ്യോഗസ്ഥർ എത്തിയത്. ഇവിടെ പരിശോധനയ്ക്കിടെ പരിസരത്തുള്ള കുളത്തിൽ നാല് മുതലകളെ കണ്ടെത്തുകയായിരുന്നു. ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. രണ്ടു മുതലകളെ രക്ഷിച്ചിട്ടുണ്ട്.

ബിജെപി നേതാവിനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്ന് വനം വകുപ്പ് മേധാവി അസീം ശ്രീവാസ്തവ അറിയിച്ചു. ഐടി വകുപ്പാണ് മുതലകളെ കുറിച്ചുള്ള വിവരം നൽകിയത്. ഉടൻ സ്ഥലത്തെത്തി പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കു ശേഷം ഇവയെ അടുത്തുള്ള അണക്കെട്ടിൽ തുറന്നുവിടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കുളം തങ്ങളുടേതല്ലെന്ന് ഹർവൻഷ് സിങ്ങിന്റെ കുടുംബം വാദിച്ചു. വർഷങ്ങൾക്കു മുൻപ് കുളം ക്ഷേത്രത്തിനു സംഭാവന നൽകിയതാണ്. കുളത്തിലെ മുതലകളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പിന് കത്തയച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു.

150 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നെന്നായിരുന്നു ഹർവൻഷ് സിങ് റാത്തോഡിനും കുടുംബത്തിനുമെതിരായ ആരോപണം. ഇവരുടെ വസതികളിൽനിന്ന് സ്വർണവും പണവും പിടിച്ചെടുത്തിട്ടുണ്ട്. ബീഡി വ്യവസായിയും നിർമാണ കരാറുകാരനുമായ രാജേഷ് കേശർവാണിയുടെ വസതിയും ഓഫീസും ഉൾപ്പെടെ സാഗർ ജില്ലയിൽ മറ്റ് മൂന്ന് സ്ഥലങ്ങളിലും കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു. നാല് റെയ്ഡുകളിലുമായി 200 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. 14 കി.ഗ്രാം സ്വർണവും 3.8 കോടി രൂപയും പിടിച്ചെടുക്കുകയും ചെയ്തു.

സാഗർ ജില്ലയിലെ ബിജെപിയുടെ പ്രധാന നേതാക്കളിലൊരാളാണ് ഹർവൻഷ് സിങ് റാത്തോഡ്. പാർട്ടി ജില്ലാ അധ്യക്ഷനാകാൻ നീക്കം നടത്തുന്നതിനിടയിലാണ് വീട്ടിൽ റെയ്ഡ് നടക്കുന്നത്. ഹർവൻഷിന്റെ പിതാവ് ഹർനാം സിങ് റാത്തോഡ് മധ്യപ്രദേശിൽ ഉമാ ഭാരതി സർക്കാരിൽ മന്ത്രിയായിരുന്നു.

Summary: 4 crocodiles found during I-T searches on BJP ex-MLA Harvansh Singh Rathore’s house in Madhya Pradesh

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News