മണിപ്പൂരിൽ സ്ഥിതി മെച്ചപ്പെടുന്നു; അഞ്ച് ജില്ലകളിലെ കർഫ്യൂ പിൻവലിച്ചു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് പിന്നാലെയാണ് നടപടിയെന്ന് കേന്ദ്രസർക്കാർ പറഞ്ഞു
ന്യൂഡൽഹി: വംശീയ കലാപം നടക്കുന്ന മണിപ്പൂരിൽ സ്ഥിതിഗതികൾ മെച്ചപ്പെടുന്നു. മണിപ്പൂരിലെ അഞ്ച് ജില്ലകളിലെ കർഫ്യൂ പിൻവലിച്ചു. പന്ത്രണ്ട് ജില്ലകളിൽ കർഫ്യൂ ഇളവുകൾ നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് പിന്നാലെയാണ് നടപടിയെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. മിക്ക ജില്ലകളിലും സ്ഥിതി സാധാരണനിലയിലേക്ക് എത്തുകയാണെന്നും കേന്ദ്രസർക്കാർ പറഞ്ഞു.
കൈവശമുള്ള ആയുധങ്ങൾ അധികൃതർക്ക് വിട്ടുകൊടുക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അമിത് ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. മെയ് മൂന്നിനാണ് മണിപ്പൂരിൽ വംശീയ അക്രമം ആദ്യം പൊട്ടിപ്പുറപ്പെട്ടത്. 115 ഗോത്ര ഗ്രാമങ്ങൾക്ക് ഇതിനകം തീയിട്ടു. 4000 വീടുകൾ കത്തിച്ചാമ്പലായി. 75 ഗോത്രവർഗക്കാർ കൊലചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചു. 50ലേറെ പേരുടെ മരണം കണക്കിൽപ്പെട്ടിട്ടില്ല. 225 ചർച്ചുകളാണ് കത്തിച്ചത്. ചർച്ചുമായി ബന്ധപ്പെട്ട 75 അനുബന്ധ കെട്ടിടങ്ങളും ചാമ്പലായി.
അമിത് ഷാ മണിപ്പൂരിൽ വന്ന ശേഷമാണ് കാംഗ്പോക്പി ജില്ലയിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ‘ആരംഭായ് തെങ്കോൽ’, ‘മെയ്തേയി ലീപുൻ’ എന്നീ സായുധസംഘങ്ങൾ 585 വീടുകൾ അഗ്നിക്കിരയാക്കിയത് എന്നതും ശ്രദ്ധേയമാണ്. മണിപ്പൂരിലെ ബി.ജെ.പി സർക്കാർ കുകികളുടെ ഗോത്രമേഖലയിൽ ‘കോമ്പിങ് ഓപറേഷൻ’ തുടങ്ങിയ ശേഷമാണ് മെയ്തേയി തീവ്രവാദികൾ മണിപ്പൂർ റൈഫിൾസ്, ഐ.ആർ.ബി, മണിപ്പൂർ പൊലീസ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിൽനിന്ന് ആയുധങ്ങൾ കവർച്ച ചെയ്തത്.
ഇതിനിടെ, മണിപ്പൂരിൽ സമാധാനം നിലനിർത്താനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് കോൺഗ്രസ് രംഗത്തെത്തി. ഏറെ വൈകിയെങ്കിലും കേന്ദ്രസർക്കാരിന്റെ നടപടി സ്വാഗതാർഹമാണ് എന്നാണ് കോൺഗ്രസിന്റെ പ്രതികരണം. കലാപത്തെക്കുറിച്ച് അന്വേഷിക്കേണ്ടത് പട്ടികജാതി വിഭാഗത്തിൽനിന്നുള്ള ചീഫ് ജസ്റ്റിസ് ആണെന്ന ആവശ്യവും കോൺഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്.