വിഗ്രഹം തൊട്ടതിന് മേല്‍ജാതിക്കാര്‍ 60,000 രൂപ പിഴയിട്ട ദളിത് കുടുംബത്തെ ചേർത്തുപിടിച്ച് രാഹുൽ
തുമകൂരു ജില്ലയിലൂടെ ഭാരത് ജോഡോ യാത്ര സഞ്ചരിച്ച തിങ്കളാഴ്ച ദലിത് കുടുബത്തെ രാഹുൽ ഗാന്ധി ക്ഷണിക്കുകയായിരുന്നു
ക്ഷേത്രാഘോഷത്തിനിടെ വിഗ്രഹം തൊട്ടതിന് അറുപതിനായിരം രൂപ പിഴ ചുമത്തപ്പെട്ട ദളിത് കുടുംബത്തെ ചേർത്തു നിർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുൽ കുടുംബത്തെ കണ്ടത്. കോലാർ ജില്ലയിലെ ഉല്ലെറഹള്ളി സ്വദേശിയായ പത്താം ക്ലാസുകാരന്റെ കുടുംബത്തിനാണ് സെപ്തംബറില്‍ മേൽജാതിക്കാരുടെ പീഡനം ഏൽക്കേണ്ടി വന്നത്.
ക്ഷേത്രത്തിലെ ഭൂതമ്മോവത്സവ ഘോഷയാത്ര വീക്ഷിക്കവെയാണ് വിദ്യാര്‍ത്ഥി വിഗ്രഹത്തിൽ തൊട്ടത്. എഴുന്നള്ളത്ത് നടക്കുന്ന ക്ഷേത്രത്തിലേക്ക് ദളിതർക്ക് പ്രവേശനമുണ്ടായിരുന്നില്ല. മകന്റെ കുറ്റത്തിന് അമ്മ ശോഭമ്മയോടാണ് അറുപതിനായിരം രൂപ പിഴയൊടുക്കാൻ ക്ഷേത്ര കമ്മിറ്റി ആവശ്യപ്പെട്ടത്.
ഗ്രാമമുഖ്യന്മാരെ കണ്ട ശോഭമ്മ പിഴ കുറച്ചു തരണമെന്ന് അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. പിഴയൊടുക്കിയില്ലെങ്കിൽ ഗ്രാമത്തിൽ നിന്ന് പുറത്താക്കുമെന്നായിരുന്നു ഭീഷണി. സംഭവത്തിൽ സാമൂഹിക സംഘടനകൾ ഇടപെട്ടതോടെ ഗ്രാമപ്പഞ്ചായത്ത് അധികൃതകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
തുമകൂരു ജില്ലയിലൂടെ ഭാരത് ജോഡോ യാത്ര സഞ്ചരിച്ച തിങ്കളാഴ്ച ദലിത് കുടുബത്തെ രാഹുൽ ഗാന്ധി ക്ഷണിക്കുകയായിരുന്നു. തൊട്ടുകൂടായ്മയും അയിത്താചരണവും സാമൂഹിക പരിഷ്‌കരണത്തിൽ തൂത്തെറിയപ്പെട്ട ദുരാചാരമാണെന്ന് രാഹുൽ ഗാന്ധി വിദ്യാർത്ഥിയുടെ രക്ഷിതാക്കളോട് പറഞ്ഞു. നിയമവിരുദ്ധ പ്രവൃത്തിയാണ് നിങ്ങൾക്ക് നേരെയുണ്ടായത്. താനും കോൺഗ്രസ് പാർട്ടിയും ഒപ്പമുണ്ടാവും എന്നും രാഹുൽ വ്യക്തമാക്കി. കുടുംബം ജോഡോ യാത്രയുടെ ഭാഗമാകുകയും ചെയ്തു.
സംഭവത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന എല്ലാ ദൈവങ്ങളെയും വലിച്ചെറിഞ്ഞതായി ശോഭ പറഞ്ഞു. അംബേദ്കറുടെ ചിത്രം മാത്രമാണ് ഇപ്പോൾ വീട്ടിലുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.