തമിഴ്നാട്ടില്‍ ദീപാവലിക്ക് റെക്കോഡ് മദ്യവില്‍പന; വിറ്റഴിഞ്ഞത് 467.63 കോടിയുടെ മദ്യം
രണ്ടാം സ്ഥാനത്ത് തലസ്ഥാനനഗരമായ ചെന്നൈയാണ്
ചെന്നൈ: ദീപാവലി ആഘോഷങ്ങള്‍ക്കിടെ തമിഴ്നാട് കുടിച്ചുതീര്‍ത്തത് റെക്കോഡ് മദ്യം. 467.63 കോടിയുടെ മദ്യമാണ് തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ വില്‍പന നടത്തിയത്. മധുരയിലാണ് റെക്കോഡ് വില്‍പ ന. ദീപാവലിയുടെ തലേന്ന് 52.73 കോടിയും ദീപാവലി ദിനത്തില്‍ 51.97 കോടിയും നേടി. രണ്ടാം സ്ഥാനത്ത് തലസ്ഥാനനഗരമായ ചെന്നൈയാണ്.
നവംബര്‍ 11ന് 48.12 കോടിയും പന്ത്രണ്ടിന് 52.98 കോടിയും നേടി. നവംബര്‍ 11ന് സേലം, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ 39.78, 52.73 കോടി, 40.20 എന്നിങ്ങനെയാണ് മദ്യവില്‍പന. ദീപാവലി ദിനത്തില്‍ ട്രിച്ചിയില്‍ 55.60 കോടി രൂപയ്ക്കും ചെന്നൈയില്‍ 52.98 കോടിക്കും മധുരയില്‍ 51.97 കോടിക്കും സേലത്ത് 46.62 കോടിക്കും കോയമ്പത്തൂരില്‍ 39.61 കോടിക്കും മദ്യവില്‍പന നടത്തി.
സംസ്ഥാന സർക്കാരിന്‍റെ കണക്കനുസരിച്ച് 2022-23 വർഷത്തിൽ 44,098.56 കോടി രൂപയുടെ മദ്യം വിറ്റഴിച്ചപ്പോൾ 2021-22ൽ 36,050 കോടി രൂപയായി. റെക്കോഡ് മദ്യവില്‍പനക്കെതിരെ ബി.ജെ.പി രംഗത്തെത്തി. മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നും ബി.ജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ആരോപിച്ചു."ചെന്നൈയിലെ അണ്ണാനഗറിൽ ഇന്ന് രാവിലെ മദ്യപിച്ച് വാഹനമോടിച്ച് രണ്ട് പേർ അപകടത്തിൽ മരിച്ചു. പലർക്കും ഗുരുതര പരിക്കുണ്ട്. അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്നാട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ടാസ്മാക് കമ്പനി അഭിമാനത്തോടെ അറിയിച്ചു. ഏകദേശം 467.69 കോടിയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. മദ്യനിരോധന വകുപ്പാണോ മദ്യവിൽപന വകുപ്പാണോ എന്ന് സംശയം തോന്നും വിധം ഡിഎംകെ സർക്കാർ മദ്യവിൽപനയിൽ റെക്കോഡ് സൃഷ്ടിക്കുകയാണ്.
മദ്യപാനം മൂലമുണ്ടാകുന്ന മരണങ്ങളെക്കുറിച്ചും ഇത്തരം അപകടങ്ങൾ മൂലം നിരപരാധികൾ മരിക്കുന്നതിനെക്കുറിച്ചും യാതൊരു ആശങ്കയുമില്ലാതെയാണ് ഡി.എം.കെ മദ്യവിൽപന നടത്തുന്നത്. ഡി.എം.കെ നടത്തുന്ന മദ്യ ഫാക്ടറികളിൽ നിന്ന് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ടാസ്മാക് കമ്പനിയുടെ വിൽപനയാണെങ്കിൽ, ആ ഫാക്ടറികൾ നടത്തുന്ന ഡിഎംകെയുടെ വരുമാനം എന്തായിരിക്കും? ഡിഎംകെ തങ്ങളുടെ പാർട്ടി അംഗങ്ങൾക്ക് വേണ്ടി നിരപരാധികളുടെ ജീവൻ ബലിയർപ്പിക്കുകയാണ്," അണ്ണാമലൈ എക്സില്‍ കുറിച്ചു.
சென்னை அண்ணா நகரில், இன்று காலை, மது போதையில் வாகனத்தை ஓட்டியதால் ஏற்பட்ட விபத்தில் , இருவர் பலியாகியிருக்கிறார்கள். பலர் படுகாயமடைந்துள்ளனர். அதே நேரம், தமிழகத்தில் கடந்த இரண்டு நாட்களில் மட்டும் நடந்த மது விற்பனை, சுமார் 467.69 கோடி என டாஸ்மாக் நிறுவனம் பெருமையுடன்…
— K.Annamalai (@annamalai_k) November 13, 2023