ഗുജറാത്തികളെ കുറിച്ചുള്ള പരാമര്‍ശം: തേജസ്വി യാദവിനെതിരെ മാനനഷ്ടക്കേസ്

തേജസ്വി യാദവ് ഗുജറാത്തികളെയാകെ അപമാനിച്ചെന്നാണ് പരാതി

Update: 2023-04-27 05:06 GMT

Tejashwi Yadav

Advertising

അഹമ്മദാബാദ്: ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവിനെതിരെ മാനനഷ്ടക്കേസ്. ഗുജറാത്തികളെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് പരാതി.

'രാജ്യത്തിന്‍റെ ഇന്നത്തെ സാഹചര്യത്തില്‍ ഗുജറാത്തികള്‍ക്ക് മാത്രമേ കൊള്ളക്കാരാകാന്‍ കഴിയൂ' എന്ന പരാമര്‍ശത്തിനെതിരെയാണ് പരാതി. സന്നദ്ധസംഘടനാ പ്രവര്‍ത്തകനായ ഹരേഷ് മേത്തയാണ് അഡീഷണല്‍ മെട്രോപൊളിറ്റന്‍ കോടതിയെ സമീപിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 499, 500 വകുപ്പുകള്‍ പ്രകാരം നടപടിയെടുക്കണമെന്നാണ് ആവശ്യം.

മാര്‍ച്ച് 21ന് പട്‌നയിലാണ് കേസിനാസ്പദമായ പരാമര്‍ശം തേജസ്വി യാദവ് നടത്തിയത്. ഈ സമയത്ത് ഗുജറാത്തുകാര്‍ക്ക് മാത്രമേ കൊള്ളക്കാരാകാന്‍ കഴിയൂ. അവരുടെ തട്ടിപ്പുകള്‍ പൊറുക്കപ്പെടുമായിരിക്കും. പക്ഷെ അവര്‍ എല്‍.ഐ.സിയിലെയോ ബാങ്കുകളിലെയോ പണമെടുത്ത് കടന്ന് കളഞ്ഞാല്‍ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക എന്ന് തേജസ്വി യാദവ് പറഞ്ഞെന്നാണ് പരാതിയില്‍ പറയുന്നത്.

തേജസ്വി യാദവ് ഗുജറാത്തികളെയാകെ അപമാനിച്ചെന്ന് ആരോപിച്ചാണ് ഹരേഷ് മേത്ത പരാതി നല്‍കിയത്. തേജസ്വി യാദവിന്‍റെ പരാമര്‍ശം കാരണം ഗുജറാത്തിന് പുറത്ത് പോകുമ്പോള്‍ ആളുകള്‍ തങ്ങളെ സംശയത്തോടെ നോക്കും. അതിനാല്‍ തേജസ്വി യാദവിനെതിരെ നടപടി വേണമെന്നാണ് ആവശ്യം.

വീഡിയോ അടങ്ങിയ പെന്‍ ഡ്രൈവും സാക്ഷികളുടെ പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചു. കോടതി മെയ് ഒന്നിന് കേസ് പരിഗണിക്കുമെന്ന് ഹരേഷ് മേത്തയുടെ അഭിഭാഷകന്‍ പറഞ്ഞു. അഹമ്മദബാദിലെ മെട്രോ പൊളിറ്റന്‍ കോടതിയുടെ പരിഗണനയില്‍ രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസുമുണ്ട്. രണ്ടു കേസുകളാണ് രാഹുല്‍ ഗാന്ധിക്കെതിരെ ഇവിടെയുള്ളത്.

Summary- A criminal defamation complaint was filed in a metropolitan court Ahmedabad against Bihar deputy chief minister Tejashwi Yadav for his alleged remark against Gujaratis

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News