ഡൽഹി ചലോ മാർച്ച്: സമരത്തിന്റെ അടുത്തഘട്ടം കർഷക നേതാക്കൾ ഇന്ന് പ്രഖ്യാപിക്കും
വെടിയേറ്റ് മരിച്ച യുവ കർഷകന്റെ മൃതദേഹം എട്ടാം ദിവസവും ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്
ന്യൂഡൽഹി: കർഷകരുടെ ഡൽഹി ചലോ മാർച്ചിന്റെ ഭാവി ഇന്നറിയാം. സമരത്തിന്റെ അടുത്തഘട്ടം കർഷക നേതാക്കൾ വ്യാഴാഴ്ച പ്രഖ്യാപിക്കും. അതേസമയം, സമരത്തിനിടെ വെടിയേറ്റ് മരിച്ച യുവ കർഷകന്റെ മൃതദേഹം എട്ടാം ദിവസവും ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
കർഷക സമരത്തിന് നേരെ ഹരിയാന പൊലീസിൻ്റെ നടപടി ഉണ്ടായിട്ട് എട്ട് ദിവസം കഴിഞ്ഞു. വെടിവെപ്പിൽ മരിച്ച ശുഭ്കരൻ സിംഗിൻ്റെ മൃതദേഹം എട്ട് ദിവസമായിട്ടും സംസ്കരിക്കാനോ പോസ്റ്റ്മോർട്ടം നടത്താനോ കുടുംബം തയാറായിട്ടില്ല. യുവ കർഷകൻ്റെ ഘാതകർക്ക് എതിരെ നടപടി സ്വീകരിക്കാൻ പഞ്ചാബ് പൊലീസ് തയാറാകുന്നില്ല എന്നാണ് കുടുംബത്തിൻ്റെയും കർഷക സംഘടനകളുടെയും ആരോപണം.
മരണം നടന്നു എട്ട് ദിവസം കഴിഞ്ഞിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പഞ്ചാബ് പൊലീസിന് കഴിഞ്ഞിട്ടില്ല. ശുഭ്കരൻ സിംഗിൻ്റെ മരണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കർഷക സംഘടനകൾ പഞ്ചാബ് സർക്കാറിന് നൽകിയ സമയം ഇന്ന് തീരുകയാണ്. എഫ്.ഐ.ആർ പൊലീസ് ഇന്ന് രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഒരുപക്ഷേ പഞ്ചാബ് സർക്കാറിന് എതിരെ കർഷകർ കൂടുതൽ കടുത്ത സമരത്തിലേക്ക് കടക്കും.
ഡൽഹി ചലോ മാർച്ച് താൽക്കാലികമായി നിർത്തിവെച്ച കർഷകർ മാർച്ച് വീണ്ടും എപ്പോൾ തുടങ്ങുമെന്ന് ഇന്ന് തീരുമാനിക്കും. അടുത്ത മാസം ഡൽഹിയിൽ നടത്തുമെന്ന് പ്രഖ്യാപിച്ച മഹാപഞ്ചായത്തിൻ്റെ ഒരുക്കങ്ങൾ ഇന്ന് ചേരുന്ന കർഷക സംഘടനാ നേതാക്കളുടെ യോഗം വിലയിരുത്തും. സംയുക്ത കിസാൻ മോർച്ച സമര സമിതിയുമായി ചർച്ച നടത്താൻ രൂപീകരിച്ച ആറംഗ സംഘം സമരസമിതി നേതൃത്വവുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഇന്ന് ചേരുന്ന നേതാക്കളുടെ യോഗത്തിലും ഒരുപക്ഷേ ആറംഗ സംഘം പങ്കെടുത്തെക്കും.