അര്‍ണബ് ഗോസ്വാമിക്കും റിപ്പബ്ലിക് ചാനലിനുമെതിരെ സമന്‍സ്
അസമിലെ ദറങിലെ പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് പോപുലര്‍ ഫ്രണ്ടിനെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്‌തെന്ന പരാതിയിലാണ് സമന്‍സ് നല്‍കിയിരിക്കുന്നത്
പോപ്പുലര്‍ ഫ്രണ്ടിന്‍റെ മാനനഷ്ടക്കേസില്‍ റിപ്പബ്ലിക് ടിവി എം.ഡി അര്‍ണബ് ഗോസ്വാമിക്കും ചാനലിനുമെതിരെ സമന്‍സ്. ഡല്‍ഹി സാകേത് കോടതിയാണ് സമന്‍സ് അയച്ചത്. സാകേത് കോടതിയിലെ അഡീഷണൽ സിവിൽ ജഡ്ജി ശീതൾ ചൗധരി പ്രധാൻ സമൻസ് അയച്ചുകൊണ്ടുള്ള ഉത്തരവ് പാസാക്കി. കേസ് 2022 ജനുവരി 3ന് വീണ്ടും പരിഗണിക്കും.
അസമിലെ ദറങിലെ പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് പോപുലര്‍ ഫ്രണ്ടിനെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്‌തെന്ന പരാതിയിലാണ് സമന്‍സ് നല്‍കിയിരിക്കുന്നത്. സെപ്തംബര്‍ 27നാണ് റിപ്പബ്ലിക് ടിവി പോപ്പുലര്‍ ഫ്രണ്ടിനെതിരെ അപകീര്‍ത്തിപരമായ വാര്‍ത്ത സംപ്രേക്ഷപണം ചെയ്തത്. അസമിലെ ദരംഗ് ജില്ലയില്‍ നടന്ന വെടിവെപ്പില്‍ പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ള രണ്ട് പേര്‍ അറസ്റ്റിലായെന്നായിരുന്നു ചാനല്‍ വാര്‍ത്ത നല്‍കിയത്. സംഘടനക്കെതിരേ അപകീര്‍ത്തിപരമായ വാര്‍ത്ത സംപ്രേഷണം ചെയ്ത റിപ്പബ്ലിക് ടിവിക്കെതിരേ പോപുലര്‍ ഫ്രണ്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സംഘടനയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ തങ്ങളുടെ ചാനലിലോ വെബ്‌സൈറ്റിലോ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് ചാനലിനെതിരെ നിർബന്ധിത വിലക്ക് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പി.എഫ്.ഐ കേസ് ഫയല്‍ ചെയ്തത്.
അസമിലെ ദരംഗില്‍ ഗ്രാമീണരെ കുടിയൊഴിപ്പിക്കുകയും എതിര്‍ത്തവരെ വെടിവെച്ചു കൊല്ലുകയും ചെയ്ത സംഭവത്തിന് പിന്നില്‍ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ബന്ധമില്ലെന്ന് ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാം ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഭൂമി കയ്യേറ്റം ആരോപിച്ച് കുടിയൊഴിപ്പിച്ച 5000 ത്തിൽ അധികം ജനസംഖ്യയുള്ള 800 ലധികം കുടുംബങ്ങളെ അധിവസിപ്പിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.