ജോലി തേടിയെത്തിയ യുവതിയെ ഒരാഴ്ചയോളം ബലാത്സംഗം ചെയ്തു, ചൂട് പരിപ്പുകറി ഒഴിച്ച് പൊള്ളിച്ചു; സുഹൃത്ത് പിടിയിൽ

ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ യുവതിയുടെ ശരീരത്തിൽ 20 ഓളം മുറിവുകളുണ്ടായിരുന്നു

Update: 2024-02-07 06:13 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: യുവതിയെ ഒരാഴ്ചയോളം പൂട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ഡൽഹിയിലാണ് സംഭവം നടന്നത്. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ സുഹൃത്ത് കൂടിയായ പരസ് (28) എന്നയാളെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. യുവതിയുടെ ദേഹത്തേക്ക് ചൂടുള്ള പരിപ്പ് കറിയൊഴിച്ച് പൊള്ളിപ്പിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.

തെക്കൻ ഡൽഹിയിലെ നെബ് സരായ് ഏരിയയിലെ രാജു പാർക്കിലെ വാടക വീട്ടിലാണ് യുവതി ഒരു മാസത്തോളമായി പരസിനൊപ്പം താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു സ്ത്രീയെ ഭർത്താവ് മർദിക്കുന്നതായി പൊലീസ് സ്റ്റേഷനിൽ ആരോ ഫോൺ വിളിച്ച് അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്ഥലത്തെത്തിയ പൊലീസ് സംഘം യുവതിയെ രക്ഷപ്പെടുത്തി എയിംസിൽ എത്തിക്കുകയായിരുന്നു.

Advertising
Advertising

ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ യുവതിയുടെ ശരീരത്തിൽ 20 ഓളം മുറിവുകളുണ്ടായിരുന്നു. പ്രതിയെ ഫോണിലൂടെയുള്ള പരിചയമായിരുന്നെന്നും പിന്നീടത് സൗഹൃദത്തിലേക്ക് വഴിമാറെയെന്നും യുവതി പൊലീസിനോട് പറഞ്ഞു. 'അതിനിടക്ക് തനിക്ക് ബംഗളൂരുവിൽ വീട്ടുവേലക്കാരിയുടെ ജോലി ലഭിച്ചു. ഡൽഹി വഴിയാണ് ബംഗളൂരുവിലേക്ക് ട്രെയിനുണ്ടായിരുന്നത്. ഡൽഹിയിലെത്തി പരസിനെ കാണാൻ തീരുമാനിക്കുകയായിരുന്നു. ഡൽഹിയിൽ താമസിച്ചാൽ ജോലി ശരിയാക്കിത്തരാമെന്ന് പ്രതി ഉറപ്പ് നൽകി'...യുവതി പറഞ്ഞു. ആ ഉറപ്പിന് പുറത്താണ് വാടകവീട്ടിൽ അയാൾക്കൊപ്പം താമസിച്ചത്. എന്നാൽ ഓരോ ദിവസം കൂടുമ്പോഴും പ്രതി  മർദിക്കാൻ തുടങ്ങി.ഒരാഴ്ചയോളം ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി പൊലീസിനോട് പറഞ്ഞു. മർദനത്തിനിടയിലാണ് ചൂടുള്ള പരിപ്പ് കറി ദേഹത്തൊഴിച്ചതെന്നും പൊലീസ് പറഞ്ഞു.

ഉത്തരാഖണ്ഡ് സ്വദേശിയായ പരസ് ഡൽഹിയിലെ ഒരു ഭക്ഷണശാലയിൽ പാചകക്കാരനായി ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News