'വേണമെങ്കില്‍ ഒരു ടവര്‍ പൊളിക്കാം', ചട്ടങ്ങള്‍ ലംഘിച്ച് നിർമിച്ച കെട്ടിടങ്ങള്‍ പൊളിക്കണമെന്ന സുപ്രിംകോടതി വിധിക്കെതിരെ കമ്പനിയുടെ ഹര്‍ജി
ബില്‍ഡറുടെ സ്വന്തം ചെലവില്‍ മൂന്ന് മാസത്തിനകം ടവറുകള്‍ പൊളിച്ച് ഉടമകള്‍ക്ക് പണം തിരികെ നല്‍കമെന്നായിരുന്നു സുപിം കോടതി വിധി
നോയിഡയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പണിത ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റണമെന്ന സുപ്രിംകോടതി വിധിക്കെതിരെ ബില്‍ഡേഴ്സിന്റെ ഹര്‍ജി. കെട്ടിടം പൊളിക്കുന്നത് വലിയ നാശനഷ്ടം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് നിർമാതാക്കളായ സൂപ്പർ ടെക് ഹർജി നല്‍കിയത്.
വേണമെങ്കില്‍ ഒരു ടവര്‍ പൊളിക്കാം. കോടിക്കണക്കിന് രൂപ ഇരു കെട്ടിങ്ങളിലും നിക്ഷേപിച്ചിട്ടുണ്ടെന്നും പൊളിക്കുന്നതോടെ ഇത്രയും വിഭവങ്ങള്‍ പാഴായിപ്പോവുമെന്നും ഹര്‍ജിയില്‍ പറയുന്നു. 'രണ്ട് ടവറുകളുടെയും നിര്‍മാണത്തിന് എത്ര കമ്പിയും ,സിമന്റും ഉപയോഗിച്ചു. എല്ലാം മാലിന്യങ്ങളോടപ്പം ചേരും. അതിനേക്കാള്‍ ഉപരി എത്രയോ മനുഷ്യരുടെ നിരവധി ദിവസത്തെ അധ്വാനവും പാഴായി പോവില്ലേ...? ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ചട്ടങ്ങള്‍ ലംഘിച്ച് നിർമിച്ച ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ ഓഗസ്റ്റ് 31 നാണ് സുപ്രിംകോടതി ഉത്തരവിട്ടത്. കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ അധികാരികളും ബില്‍ഡേഴ്‌സും തമ്മില്‍ ധാരണ നടന്നിരുന്നതായും സുപ്രിംകോടതി ആക്ഷേപിച്ചു. ബില്‍ഡറുടെ സ്വന്തം ചെലവില്‍ ടവറുകള്‍ പൊളിക്കണം. ഉടമകള്‍ക്ക് 12 ശതമാനം പലിശ ചേര്‍ത്ത് പണം തിരികെ നല്‍കമെന്നും കോടതി വിധിച്ചു. 'നോയിഡ അധികാരികള്‍ എന്തുകൊണ്ടാണ് ഗ്രീന്‍ സോണില്‍ ഇത്തരത്തിലുള്ള നിര്‍മാണം നടത്താന്‍ അനുമതി നല്‍കിയതെന്നും ഡെവലപ്പര്‍മാരുടെയുെ അധികാരികളുടെയും ഒത്തുകളി കാരണമാണ് നഗരപ്രദേശങ്ങളില്‍ അനധികൃത നിര്‍മാണങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവെന്നും ഇത് കര്‍ശനമായി നിയന്ത്രിക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.
രണ്ട് ടവറുകളില്‍ 40 നിലകളിലായി 915 അപ്പാര്‍ട്‌മെന്റുകളും 21 ഷോപ്പുകളും ഉണ്ട്. പൊളിച്ചു നീക്കല്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കാനാണ് സുപ്രിംകോടതി വിധിച്ചത്. 2014 എപ്രിലില്‍ അലഹബാദ് ഹൈക്കോടതി രണ്ട് കെട്ടിടങ്ങളും നാല് മാസത്തിനുള്ളില്‍ പൊളിച്ചുമാറ്റാനും അപ്പാര്‍ട്‌മെന്റ് വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കാനും ഉത്തരവിട്ടിരുന്നു.