ബലാത്സംഗക്കേസുകളിലെ പ്രതി ഗുർമീത് റാം റഹീമിന് ഒരു മാസത്തെ പരോൾ
2017 ൽ രണ്ട് ബലാത്സംഗക്കേസുകളിലാണ് ആള്‍ദൈവമായ ഗുർമീത് റാം റഹീം ശിക്ഷിക്കപ്പെട്ടത്
ചണ്ഡീഗഢ്: ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിംഗിന് ഒരുമാസത്തെ പരോൾ. 2017 ൽ രണ്ട് ബലാത്സംഗക്കേസുകളിലാണ് ആള്‍ദൈവമായ ഗുർമീത് റാം റഹീം ശിക്ഷിക്കപ്പെട്ടത്. ഹരിയാനയിലെ റാഹ്തക്കിലെ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ഗുർമീത് റാം റഹീം സിംഗ്.2002ൽ മാനേജരെ കൊലപ്പെടുത്തിയ കേസിലും ഇയാൾ ശിക്ഷ അനുഭവിക്കുന്നുണ്ട്.
ഉത്തർപ്രദേശിലെ ഭാഗ്പത്തിലെ ബർണാവയിലുള്ള ദേര സച്ചാ സൗദാ ആശ്രമത്തിലേക്കാണ് ദേര തലവൻ പോയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ശിക്ഷിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഗുർമീത് റാം റഹീം സിംഗിന് ഔദ്യോഗികമായി പരോൾ അനുവദിച്ചെങ്കിലും ഇതിനകം തന്നെ നാലുതവണ ജയിലിൽ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ മൂന്നാഴ്ചത്തെ അവധിയും ഇദ്ദേഹത്തിന് അനുവദിച്ചിരുന്നു.
ദേരയുടെ ആസ്ഥാനമായ സിർസയിലെ ആശ്രമത്തിൽ വച്ച് രണ്ട് വനിത അനുയായികളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ ജയിൽ ശിക്ഷയാണ് ഇയാൾ അനുഭവിക്കുന്നത്. 2017 ആഗസ്റ്റിൽ പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയാണ് അദ്ദേഹത്തെ ശിക്ഷിച്ചത്.
2002ൽ ദേര മാനേജർ രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് കഴിഞ്ഞ വർഷാണ് റാം റഹീമും മറ്റ് നാലുപേരും ശിക്ഷിക്കപ്പെട്ടത്. 2002ൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ 2019ൽ റാം റഹീമും മറ്റ് മൂന്ന് പേരും ശിക്ഷിക്കപ്പെട്ടിരുന്നു.