ദേവേന്ദ്ര ഫഡ്‌നാവിസ് ഔറംഗസേബിനെപ്പോലെ ക്രൂരനെന്ന് കോൺഗ്രസ്, രൂക്ഷ വിമർശനവുമായി ബിജെപി
മഹാരാഷ്ട്രയിൽ ഔറംഗസേബിനെച്ചൊല്ലി നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടെയാണ് പുതിയ വിവാദം
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഗൾ ചക്രവർത്തി ഔറംഗസേബിനോട് താരതമ്യപ്പെടുത്തി കോൺഗ്രസ്. ഫഡ്‌നാവിസും ഔറംഗസേബും അധികാരത്തിനായി മതം ഉപയോഗിച്ച ക്രൂരരായ ഭരണാധികാരികൾ ആണെന്നായിരുന്നു മഹാരാഷ്ട്ര കോൺഗ്രസ് മേധാവി ഹർഷവർദ്ധൻ സപ്കലിന്റെ പരാമർശം. പിന്നാലെ തന്നെ കോൺഗ്രസിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് വന്നു.
"ഔറംഗസേബ് ഒരു ക്രൂരനായ ഭരണാധികാരിയായിരുന്നു. സ്വന്തം പിതാവിനെ ജയിലിലടച്ചു, എപ്പോഴും മതത്തെ ഒരു ഉപകരണമായി ഉപയോഗിച്ചു. ഇന്ന് ദേവേന്ദ്ര ഫഡ്‌നാവിസും അതുപോലെ ക്രൂരനാണ്. അദ്ദേഹം മതത്തിന്റെ സഹായം തേടുന്നു. അതിനാൽ, ഔറംഗസേബിന്റെയും ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും ഭരണം ഒന്നുതന്നെയാണ്." എന്നായിരുന്നു ഹർഷവർദ്ധൻ സപ്കലിന്റെ വിവാദ പരാമർശം.
സപ്കലിന്റെ പരാമർശം അങ്ങേയറ്റം ബാലിശവും നിരുത്തരവാദപരവുമാണെന്ന് മഹാരാഷ്ട്ര ബിജെപി മേധാവി ചന്ദ്രശേഖർ ബവൻകുലെ വിമർശിച്ചു. ഔറംഗസേബിനെ ഫഡ്‌നാവിസുമായി താരതമ്യം ചെയ്യുന്നതിലൂടെ കോൺഗ്രസ് മഹാരാഷ്ട്രയുടെ സ്വത്വത്തെ അപമാനിക്കുകയാണ്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ സംസ്കാരത്തെ കോൺഗ്രസ് കളങ്കപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിൽ ഔറംഗസേബിനെച്ചൊല്ലി നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടെയാണ് പുതിയ വിവാദം. സമാജ്‌വാദി പാർട്ടി എംഎൽഎ അബു ആസ്മി ഔറംഗസേബിനെ പ്രശംസിച്ചതിനെത്തുടർന്നാണ് സംസ്ഥാനത്ത് ബിജെപിയും സംഘ്പരിവാർ സംഘടനകളും വിവാദത്തിന് തിരികൊളുത്തിയത്. പതിനേഴാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിയായ ഔറംഗസേബിനെ ക്രൂരനോ സ്വേച്ഛാധിപതിയോ അസഹിഷ്ണുതയുള്ളവനോ ആയ ഒരു ഭരണാധികാരിയായി താൻ കാണുന്നില്ലെന്നായിരുന്നു ആസ്മി പറഞ്ഞത്. ഇക്കാലത്ത് സിനിമകളിലൂടെ ഔറംഗസേബിന്റെ വികലമായ പ്രതിച്ഛായ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് സംഘ്പരിവാർ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും ആവശ്യപ്പെട്ടിട്ടുണ്ട്.