'മോദിയുള്ളപ്പോൾ അസാധ്യമായത് എന്ത്...' ഫഡ്‌നാവിസിന്റെ ആദ്യ പ്രതികരണം
"ഒന്നിച്ചു നിന്നാൽ ഒന്നും ചെയ്യാനാവില്ല എന്നും മോദിക്ക് അസാധ്യമായത് ഒന്നുമില്ല എന്നും തെരഞ്ഞെടുപ്പ് തെളിയിച്ച് തന്നു"
മുംബൈ: മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നരേന്ദ്ര മോദിയുൾപ്പടെ ബിജെപിയിലെ മുതിർന്ന നേതാക്കൾക്ക് നന്ദി പറഞ്ഞ് ദേവേന്ദ്ര ഫഡ്‌നാവിസ്. മോദിയുള്ളപ്പോൾ തനിക്ക് അസാധ്യമായത് ഒന്നുമില്ലെന്നും മഹാരാഷ്ട്രയിലെ ജനങ്ങൾക്കും പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കും നന്ദി പറയുന്നെന്നും ഫഡ്‌നാവിസ് പറഞ്ഞു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ബിജെപി ചേർന്ന കോർ കമ്മിറ്റി യോഗത്തിലായിരുന്നു ഫഡ്‌നാവിസിന്റെ പ്രതികരണം.
അദ്ദേഹത്തിന്റെ വാക്കുകൾ:
"എന്നെ മുഖ്യമന്ത്രിയായ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തതിന് എല്ലാവരോടും നന്ദി പറയുകയാണ്. ചരിത്രപരമായ തെരഞ്ഞെടുപ്പുകളാണ് കഴിഞ്ഞത്. ഒന്നിച്ചു നിന്നാൽ ഒന്നും ചെയ്യാനാവില്ല എന്നും മോദിക്ക് അസാധ്യമായത് ഒന്നുമില്ല എന്നും തെരഞ്ഞെടുപ്പ് തെളിയിച്ച് തന്നു. മഹാരാഷ്ട്രയിലെ ഉജ്ജ്വല വിജയത്തിന് ജനങ്ങൾക്ക് മുന്നിൽ തല കുനിക്കുകയാണ് ഞാൻ. സഖ്യകക്ഷി നേതാക്കളായ ഏക്‌നാഥ് ഷിൻഡെയ്ക്കും അജിത് പവാറിനും ഒരുപോലെ നന്ദി".
മഹാരാഷ്ട്രയിൽ വോട്ടെണ്ണൽ നടന്ന് പതിനൊന്ന് ദിവസത്തിന് ശേഷം ഇന്നാണ് മഹായുതി സർക്കാർ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. മുൻമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ച് അവസാനം വരെ രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് ബിജെപിയുടെ തീരുമാനത്തിന് വഴങ്ങുകയായിരുന്നു.
ഫഡ്‌നാവിസിന് മുഖ്യമന്ത്രി പദം നൽകണമെന്ന നിർദേശം ബിജെപിക്കിടയിൽ നിന്ന് വന്നപ്പോൾ മുതൽ ഷിൻഡെ അതിന് ഉടക്കിട്ടു. ഒരുനിലക്കും വിജയിക്കില്ലെന്ന് കണ്ടപ്പോൾ മുഖ്യമന്ത്രിപദം ബിഹാറിലേതു പോലെ പങ്കുവെക്കണമെന്നും ഷിൻഡെ നിർദേശിക്കുകയുണ്ടായി.
എന്നാൽ സഖ്യത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ബിജെപി ഒരാവശ്യത്തിനും വഴങ്ങാതായതോടെ അവർ മുന്നോട്ടുവെച്ച ഉപമുഖ്യമന്ത്രി പദവി സ്വീകരിക്കുകയല്ലാതെ ഷിൻഡെക്കു മുന്നിൽ മറ്റ് വഴികളില്ലാതായി. ഫഡ്‌നാവിസ് കൈവശം വെച്ചിരുന്ന ആഭ്യന്തരത്തിലായി പിന്നീട് ഷിൻഡെയുടെ നോട്ടം. അതിൽ ഉറപ്പുകിട്ടിയോ എന്ന് വ്യക്തമല്ല. ഫഡ്‌നാവിസുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഷിൻഡെ കടുംപിടിത്തത്തിൽ അയവു വരുത്തിയത്.