സേന ഖനിത്തൊഴിലാളികള്‍ക്കു നേരെ വെടിവെച്ചത് അകാരണമായി, മൃതദേഹം ലോറിയില്‍ ഒളിപ്പിച്ചു: നാഗാലാന്‍ഡ് ഡിജിപിയുടെ റിപ്പോര്‍ട്ട് മീഡിയവണിന്

ഖനിത്തൊഴിലാളികള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 6 പേരാണ്. പ്രതിഷേധിച്ച ഗ്രാമീണര്‍ക്ക് നേരെയുള്ള വെടിവെപ്പില്‍ 7 പേർ കൊല്ലപ്പെട്ടു.

Update: 2021-12-06 13:21 GMT
Advertising

അസം റൈഫിള്‍സ് ഖനിത്തൊഴിലാളികള്‍ക്ക് നേരെ വെടിവെച്ചത് അകാരണമായെന്ന് നാഗാലാന്‍ഡ് ഡിജിപിയുടെ റിപ്പോര്‍ട്ട്. നിരായുധരായ തൊഴിലാളികള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ആറ് പേർ തല്‍ക്ഷണം മരിച്ചു. ക്യാമ്പിലേക്ക് കൊണ്ടുപോകാനായി മൃതദേഹങ്ങള്‍ അസം റൈഫിള്‍സ് ലോറിയില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിജിപിയുടെ റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

ഖനിയില്‍ നിന്ന് ജോലി കഴിഞ്ഞുവരുന്നവർക്ക് നേരെ സേന അകാരണമായി വെടിയുതിർക്കുകയായിരുന്നുവെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. നാഗാലാന്‍ഡ് ഡിജിപിയും കമ്മീഷണറും സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.

ഖനിത്തൊഴിലാളികള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 6 പേരാണ്. പ്രതിഷേധിച്ച ഗ്രാമീണര്‍ക്ക് നേരെയുള്ള വെടിവെപ്പില്‍ 7 പേർ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ 2 പേർ പിന്നീട് മരിച്ചു. ഇതുവരെ 15 പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ പരിക്കേറ്റ 8 പേരുടെ നില ഗുരുതരമാണെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണരുടെ പ്രതിഷേധത്തില്‍ അർധ സൈനിക വിഭാഗത്തിന്റെ മൂന്ന് വാഹനങ്ങള്‍ കത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ന്യായീകരിച്ച് അമിത് ഷാ

15 ഗ്രാമീണർ കൊല്ലപ്പെട്ട നാഗാലൻഡിലെ വെടിവെപ്പിൽ സുരക്ഷാ സേനയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആത്മരക്ഷാര്‍ത്ഥമാണ് സൈനികര്‍ വെടിയുതിര്‍ത്തതെന്ന് അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു .

സഭാനടപടികൾ നിർത്തിവച്ചു നാഗാലാ‌ൻഡ് വെടിവെപ്പ് ചർച്ച ചെയ്യണമെന്നാണ്‌ രാവിലെ മുതൽ പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്. കോൺഗ്രസ് -തൃണമൂൽ-സിപിഎം അംഗങ്ങൾ ഈ വിഷയത്തിൽ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസും നൽകിയിരുന്നു. അമിത്ഷാ ഇരുസഭകളിലും പ്രസ്താവന നടത്തുമെന്നു അറിയിച്ചതോടെയാണ് ലോക്സഭ തെല്ലൊന്ന് ശാന്തമായത്. രാജ്യസഭാ പ്രക്ഷുബ്ധമായി തുടർന്നു. തെറ്റിദ്ധാരണയാണ് മോൺ ജില്ലയിലെ വെടിവെപ്പിൽ കലാശിച്ചെന്നു അമിത് ഷാ സഭയെ അറിയിച്ചു.

തീവ്രവാദികൾ എത്തുമെന്നുള്ള വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ 21 കമാണ്ടോകളെയാണ് വിന്യസിച്ചിരുന്നത്. പരിശോധന നടക്കുന്ന സമയത്താണ് ഖനിയിലെ തൊഴിലാളികളുമായി വാഹനം കടന്നുവരുന്നത്. തീവ്രവാദികളാണെന്നു തെറ്റിദ്ധരിച്ചാണ് വെടിവച്ചത്. വാഹനത്തിലുണ്ടായിരുന്ന 8 പേരിൽ 6 പേരും മരിച്ചു. സംഭവമറിഞ്ഞു നാട്ടുകാർ അസം റൈഫിൾസ് ക്യാമ്പ് വളഞ്ഞ് ആക്രമിക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. പല ഘട്ടങ്ങളായി നടന്ന ഏറ്റുമുട്ടലിൽ 8 ഗ്രാമീണരും ഒരു സൈനികനും മരിച്ചെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷായുടെ പ്രസ്താവനയിൽ അതൃപ്തി രേഖപ്പെടുത്തി പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

നാട്ടുകാരുടെ പ്രതിഷേധം

ശനിയാഴ്ച രാത്രിയിൽ സൈന്യത്തിന്റെ വെടിയേറ്റ് ഗ്രാമീണർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നാട്ടുകാർ പ്രതിഷേധം ആരംഭിച്ചത്. പല ഭാഗത്തും ഹർത്താലും തുടരുകയാണ്. ഗ്രാമീണരെ കൊലപ്പെടുത്തിയ സൈനികർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിഷേധം കണക്കിലെടുത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സൈനിക ക്യാമ്പിലടക്കം വിന്യസിച്ചിരിക്കുകയാണ്. കൊഹിമയിലെ സൈനിക ക്യാമ്പിൽ പ്രതിഷേധവുമായി ഇന്നും നാട്ടുകാരെത്തി.

വെടിവെപ്പില്‍ സൈന്യവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേജർ ജനറലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മരിച്ച ഗ്രാമീണരുടെ കുടുംബങ്ങൾക്ക് നാഗാലാന്‍ഡ് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 



Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News