രാജസ്ഥാനിൽ കോൺ​ഗ്രസിന് തിരിച്ചടിയായി സച്ചിൻ പൈലറ്റ് ഫാക്ടറും

2018ൽ ബി.ജെ.പിയെ കെട്ടുകെട്ടിച്ച് കോൺഗ്രസ് വിജയത്തിൽ നിർണായകമായത് ഗുജ്ജർ സമുദായത്തിന് സ്വാധീനമുള്ള കിഴക്കൻ രാജസ്ഥാനിലെ വോട്ടുകൾ ആയിരുന്നെങ്കിൽ ഇത്തവണ അത് നേരെ തിരിഞ്ഞു.

Update: 2023-12-03 12:22 GMT
Advertising

ജയ്പ്പൂർ: രാജസ്ഥാനിൽ ബിജെപി ഭരണം ഉറപ്പിച്ചിരിക്കെ സച്ചിൻ പൈലറ്റ് ഫാക്ടർ കോൺ​ഗ്രസിന് തിരിച്ചടിയായെന്ന് വിലയിരുത്തൽ. സർക്കാരിൽ സച്ചിൻ പൈലറ്റ് സൃഷ്ടിച്ച കലാപവും അണികൾക്കിടയിലെ അമർഷവും കോൺ​ഗ്രസ് പരാജയത്തിന് ആക്കം കൂട്ടിയെന്ന വിമർശനം ശക്തമാണ്. 2018ൽ ബി.ജെ.പിയെ കെട്ടുകെട്ടിച്ച് കോൺഗ്രസ് വിജയത്തിൽ നിർണായകമായത് ഗുജ്ജർ സമുദായത്തിന് സ്വാധീനമുള്ള കിഴക്കൻ രാജസ്ഥാനിലെ വോട്ടുകൾ ആയിരുന്നെങ്കിൽ ഇത്തവണ അത് നേരെ തിരിഞ്ഞു.

കിഴക്കൻ രാജസ്ഥാനിൽ നഷ്ടപ്പെട്ട മണ്ഡലങ്ങൾ വീണ്ടെടുത്താണ് ഇക്കുറി ബിജെപിയുടെ വിജയം. ഇവിടെ ബി.ജെ.പി വലിയ നേട്ടമുണ്ടാക്കിയത് പൈലറ്റ് ഘടകം മൂലമാണെന്ന് തെളിയിക്കുന്നതാണിത്. കിഴക്കൻ രാജസ്ഥാൻ 2018ൽ കോൺഗ്രസിനെയും 2023ൽ ബിജെപിയെയും തുണച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് പൈലറ്റ് ഫാക്ടർ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ.

2018ലെ കോൺഗ്രസിന്റെ വിജയത്തെത്തുടർന്ന് ഗുജ്ജർ നേതാവായ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചതിൽ സമുദായം അസ്വസ്ഥരാണെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഫലം. 2020ൽ പൈലറ്റിന്റെ നേതൃത്വത്തിൽ നടന്ന കലാപം അശോക് ഗെഹ്‌ലോട്ട്‌ സർക്കാർ വീഴുന്നതിന്റെ വക്കിലെത്തിച്ചിരുന്നു. ഇതേത്തുടർന്ന് പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കുകയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പാർട്ടിയിലെ ഐക്യം കാണിക്കാൻ കോൺഗ്രസ് കഠിനമായി പരിശ്രമിക്കുകയും പാർട്ടിയെ പിന്തുണയ്ക്കാൻ പൈലറ്റും ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ, ഐക്യ സന്ദേശം അണികളിലെത്തിക്കുന്നതിൽ പരാജയപ്പെട്ടെന്നും തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ആഭ്യന്തര കലഹങ്ങൾ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ കോൺഗ്രസിന് തലവേദനയായിരുന്നു. എന്നാൽ വോട്ടെടുപ്പ് അടുത്തതോടെ കോൺഗ്രസ് നേതൃത്വം ഇടപെട്ട് ഈ തർക്കങ്ങൾ പരിഹരിച്ചെന്നും തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടാണെന്നും പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഈ ആഭ്യന്തര തമ്മിലടിയും കോൺഗ്രസിന് തിരിച്ചടിയേകി എന്നാണ് ഫലം വ്യക്തമാക്കുന്നത്.

11 കിഴക്കൻ ജില്ലകളിലെ 59 സീറ്റുകളിൽ 38 എണ്ണവും ബിജെപി നേടി. 2018നെ അപേക്ഷിച്ച് 20 സീറ്റുകളാണ് ഈ മേഖലയിൽ മാത്രം ബിജെപി സ്വന്തമാക്കിയത്. കോൺഗ്രസിന് ഇത്തവണ 19 എണ്ണം മാത്രമാണ് നേടാനായത്. മാത്രമല്ല, പടിഞ്ഞാറൻ രാജസ്ഥാനിൽ കഴിഞ്ഞ തവണ കോൺഗ്രസ് ആധിപത്യം പുലർത്തിയിരുന്ന ജയ്‌സാൽമീർ, ബിക്കാനീർ, ബാർമർ തുടങ്ങിയ ജില്ലകളിലും ബിജെപിയുടെ വെന്നിക്കൊടി പാറി.

അതേസമയം, ടോങ്ക് അസംബ്ലി മണ്ഡലത്തിൽ നിന്നും സച്ചിൻ പൈലറ്റ് ജയിച്ചു. സംസ്ഥാനത്ത് 29,237 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പൈലറ്റ് വിജയിച്ചത്. വോട്ടെണ്ണൽ അവസാന മണിക്കൂറിലേക്ക് നീങ്ങുമ്പോൾ 115 സീറ്റുകളിൽ ബി.ജെ.പി മുന്നിലാണ്. 69 സീറ്റുകളിൽ മാത്രമാണ് കോൺ​ഗ്രസ് മുന്നിട്ടുനിൽക്കുന്നത്. 



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News