50 ലക്ഷം രൂപ നഷ്ടമായി; സൈബര്‍ തട്ടിപ്പുകാരുടെ ഡിജിറ്റല്‍ അറസ്റ്റ് ഭയന്ന് വൃദ്ധദമ്പതികള്‍ ആത്മഹത്യ ചെയ്തു
ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു


ബെംഗളൂരു: സൈബര്‍ തട്ടിപ്പുകാരുടെ ഡിജിറ്റല്‍ അറസ്റ്റ് ഭയന്ന് വൃദ്ധദമ്പതികള്‍ ആത്മഹത്യ ചെയ്തു. ബെലഗാവിയിലെ ഖാനാപൂര്‍ താലൂക്കിലുള്ള ബീദി ഗ്രാമത്തിലാണ് സംഭവം. ഡീഗോ സന്താന്‍ നസ്രേത്ത് (82), ഭാര്യ ഫ്‌ലാവിയ (79) എന്നിവരാണ് ജീവനൊടുക്കിയത്. ഇവര്‍ക്ക് ജീവിതത്തിലെ ഏക സമ്പാദ്യമായ 50 ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റിലൂടെ നഷ്ടമായിരുന്നു.
വ്യാഴാഴ്ച വൈകീട്ടാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ അയല്‍ക്കാര്‍ കണ്ടെത്തിയത്. ഫ്‌ലാവിയ വീട്ടിനുള്ളില്‍ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. ഡീഗോയുടെ മൃതദേഹം വീടിനുപുറത്തുള്ള ജലസംഭരണിക്കകത്ത് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ഡീഗോ ജീവനൊടുക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കത്തിയും രണ്ടു പേജുള്ള ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തു.
മറ്റുള്ളവരുടെ ദയയില്‍ ജീവിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് ഇരുവരും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഖാനാപുരയിലെ വീട്ടില്‍ താമസിച്ചിരുന്ന ഇവരെ ഡല്‍ഹി ബിഎസ്എന്‍എല്ലിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാര്‍ സമീപിച്ചത്. ഇവരുടെ പേരിലുള്ള മൊബൈല്‍ നമ്പര്‍ അനധികൃത പരസ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ആരോപിച്ചാണ് ദമ്പതികളെ തട്ടിപ്പുകാര്‍ പേടിപ്പിച്ചത്.
പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേനയും തട്ടിപ്പുകാര്‍ ഇവരെ ഫോണില്‍ ബന്ധപ്പെട്ടു. കേസ് പണം നല്‍കി ഒത്തുതീര്‍പ്പാക്കണമെന്നും അല്ലാത്തപക്ഷം ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെ നേരിടേണ്ടിവരുമെന്നും പറഞ്ഞു. 50 ലക്ഷത്തിലധികം രൂപ കൈമാറിയിട്ടും തട്ടിപ്പുകാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. സ്വര്‍ണം പണയംവെച്ച് 7.15 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും കുറിപ്പിലുണ്ട്. നന്ദഗഢ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.