അങ്കം മുറുകുമോ? നാമനിർദേശ പത്രിക വാങ്ങി ദിഗ്‌വിജയ് സിങ്; സോണിയയെ കാണാനെത്തി ഗെഹ്‌ലോട്ട്
പത്ത് സെറ്റ് പത്രികയാണ് സിങ് വാങ്ങിയത്.
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ സംബന്ധിച്ച് അനിശ്ചിതത്വം തുടരവെ പോര് കനക്കുമെന്ന സൂചന നൽകി ദിഗ്‌വിജയ് സിങ്ങും അശോക് ഗെഹ്‌ലോട്ടും. സിങ് മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ ബലപ്പെടുത്തി അദ്ദേഹം എ.ഐ.സി.സി ആസ്ഥാനത്ത് എത്തി നാമനിർദേശ പത്രിക വാങ്ങി.
പത്ത് സെറ്റ് പത്രികയാണ് സിങ് വാങ്ങിയത്. അവസാന തിയതിയായ നാളെ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. ഹൈക്കമാന്റിന്റെ പ്രതിനിധി ആണോ എന്ന ചോദ്യത്തിന് സ്വയം പ്രതിനിധീകരിക്കുന്നു എന്നായിരുന്നു ദിഗ്‌വിജയ് സിങ്ങിന്റെ മറുപടി. രാഹുലും സോണിയയും തന്റെ നേതാക്കളാണെന്നും സിങ് പ്രതികരിച്ചു.
മത്സരിക്കുന്ന കാര്യം താൻ ആരോടും ചർച്ച ചെയ്തിട്ടില്ലെന്നും ഹൈക്കമാൻഡിൽ നിന്ന് അനുമതി തേടിയിട്ടില്ലെന്നുമായിരുന്നു ദിഗ്‌വിജയ് സിങ് ഇന്നലെ ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചത്.
ഇതിനിടെ, അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നീക്കം ശക്തമാക്കി അശോക് ഗെഹ്‌ലോട്ട് ഡൽഹിയിലെത്തി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഇത് രണ്ടാം തവണയാണ് വിഷയത്തിൽ ഗെഹ്‌ലോട്ട്- സോണിയ കൂടിക്കാഴ്ച. രാജസ്ഥാനിലെ കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള അധികാരം ഹൈക്കമാൻഡിന് നൽകിയാൽ ഗെഹ്‌ലോട്ട് അധ്യക്ഷ സ്ഥാനാർഥിയായേക്കും. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ സോണിയാ ഗാന്ധിക്ക് കടുത്ത അതൃപ്തി നിലനിൽക്കെയാണ് വീണ്ടും കൂടിക്കാഴ്ച.
ഇതിനിടെ, എ.കെ ആന്റണിയുമായും സോണിയാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും സോണിയ ഗാന്ധിയുടെ വസതിയിലെത്തിയിട്ടുണ്ട്. അതേസമയം, ഔദ്യോഗിക സ്ഥാനാർഥി ആരാണെന്ന് ഇതുവരെയും തീരുമാനമായില്ലെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നുമാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ പ്രതികരണം.
മത്സരാർഥികൾ ആരെല്ലാമെന്ന് നാളെ അറിയാം. ആൻ്റണിയുമായി നടന്നത് സൗഹാർദപരമായ കൂടിക്കാഴ്ചയാണെന്നും താരിഖ് അൻവർ പറഞ്ഞു. ഇതിനിടെ, മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ശരി തരൂർ എം.പിയുടെ പ്രതിനിധി എ.ഐ.സി.സി ആസ്ഥാനത്ത് എത്തി വോട്ടർ പട്ടിക പരിശോധിച്ചു.