'അതേ തെറ്റ് ആവർത്തിക്കരുത്'; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി സ്റ്റാലിൻ

പാർലമെന്ററി ഭാഷാ സമിതി യോഗത്തിലായിരുന്നു അമിത് ഷായുടെ വിവാദ പ്രസ്താവന

Update: 2022-04-09 04:16 GMT
Editor : abs | By : Web Desk

ചെന്നൈ: വിവിധ സംസ്ഥാനങ്ങൾ ആശയവിനിമയത്തിനായി ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇന്ത്യയുടെ അഖണ്ഡതയെ മുറിപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്നും നേരത്തെ ചെയ്ത തെറ്റ് ബിജെപി ആവർത്തിക്കില്ലെന്നാണ് കരുതുന്നതെന്നും സ്റ്റാലിൻ പ്രതികരിച്ചു.

'ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ഇന്ത്യയുടെ അഖണ്ഡതയ്ക്ക് മുറിവേൽപ്പിക്കും. രാജ്യത്തിന്റെ വൈവിധ്യത്തെ ഇല്ലാതാക്കാനാണ് ബിജെപി നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളെ മാത്രമാണോ അമിത് ഷായ്ക്ക് വേണ്ടത്, ബാക്കിയുള്ള സംസ്ഥാനങ്ങളെ ആവശ്യമില്ലേ?' - സ്റ്റാലിൻ ചോദിച്ചു.

Advertising
Advertising

'ഒറ്റ ഭാഷ ഐക്യം കൊണ്ടുവരില്ല. ഏകത്വം ഐക്യത്തെ ഉണ്ടാക്കില്ല. ബിജെപി അതേ തെറ്റ് ആവർത്തിക്കുകയാണ്. നിങ്ങൾക്കിതിൽ വിജയിക്കാനാകില്ല' - അദ്ദേഹം കൂട്ടിച്ചേർത്തു.

പാർലമെന്ററി ഔദ്യോഗിക ഭാഷാ സമിതി യോഗത്തിലായിരുന്നു അമിത് ഷായുടെ വിവാദ പ്രസ്താവന. ഔദ്യോഗിക ഭാഷയെ രാജ്യത്തിന്റെ ഐക്യത്തിന്റെ സുപ്രധാന ഭാഗമായി കൊണ്ടുവരേണ്ട സമയമായി. സംസ്ഥാനങ്ങൾ പരസ്പരം ആശയവിനിമയം നടത്തുമ്പോൾ ഇന്ത്യയുടെ ഭാഷ(ഹിന്ദി)യായിരിക്കണം ഉപയോഗിക്കേണ്ടത്- എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

ഇതിന് പിന്നാലെ, ഹിന്ദി മാത്രമല്ല ഇന്ത്യയുടെ ഔദ്യോഗിക ഭാഷയെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടിയിരുന്നു. 1960ൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ മുമ്പിലുണ്ടായിരുന്ന ഡിഎംകെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് രംഗത്തുവന്നത്. പ്രതിപക്ഷമായ എഐഎഡിഎംകെയും ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ ശക്തമായി എതിർത്തു വരികയാണ്.

സ്റ്റാലിന്റെ സഹോദരിയും ഡിഎംകെ വനിതാ വിഭാഗം സെക്രട്ടറിയുമായ കനിമൊഴിയും അമിത് ഷാക്കെതിരെ രംഗത്തെത്തി. ഏതെങ്കിലും ഭാഷ അടിച്ചേൽപ്പിക്കുന്നത് രാജ്യത്തെ വിഭജിക്കാനേ സഹായിക്കൂ എന്നായിരുന്നു അവരുടെ പ്രസ്താവന. ഹിന്ദി വിരുദ്ധ സമരത്തിൽ നിന്ന കേന്ദ്രമന്ത്രിമാർ ചരിത്രം പഠിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News