'എന്നെ തൊടരുത്, നീയൊരു സ്ത്രീയാണ്'; വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് കയർത്ത് ബിജെപി നേതാവ്
പശ്ചിമ ബംഗാളിൽ ബിജെപി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിനിടെ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയാണ് പൊലീസ് ഉദ്യോഗസ്ഥയോട് കയർത്തത്
കൊൽക്കത്ത: പ്രതിഷേധ മാർച്ചിനിടെ വനിതാ പൊലീസുകാരിയോട് കയർത്ത് ബിജെപി നേതാവും പശ്ചിമ ബംഗാൾ പ്രതിപക്ഷനേതാവുമായ സുവേന്ദു അധികാരി. 'എന്നെ തൊടരുത്, നീയൊരു സ്ത്രീയാണ്' എന്നായിരുന്നു സുവേന്ദു അധികാരിയുടെ ആക്രോശം. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് പൊലീസ് വാനിലേക്ക് കയറ്റുന്നതിനിടെയായിരുന്നു സംഭവം.
താൻ നിയമം അനുസരിക്കുന്ന പൗരനാണെന്നും തന്നോട് സംസാരിക്കാൻ പുരുഷ ഓഫീസർമാർ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് സർക്കാറിന്റെ അഴിമതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. ഹാസ്റ്റിങ് ഏരിയയിലെ പൊലീസ് ട്രയ്‌നിങ് സ്‌കൂളിന് സമീപത്തുവെച്ചാണ് അധികാരിയെ് കസ്റ്റഡിയിലെടുത്തത്.
തർക്കത്തെ തുടർന്ന് ഡിസിപി ആകാശ് മഘാരിയയാണ് പിന്നീട് സുവേന്ദു അധികാരിക്ക് പൊലീസ് വാഹനത്തിൽ അകമ്പടി പോയത്. താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സ്ത്രീകളെ ബഹുമാനിക്കുന്നതാണ് തന്റെ സംസ്‌കാരമെന്നും അധികാരി പിന്നീട് പറഞ്ഞു.
പശ്ചിമ ബംഗാളിനെ ഉത്തര കൊറിയയാക്കാനാണ് മമതാ ബാനർജി ശ്രമിക്കുന്നതെന്ന് പിന്നീട് സുവേന്ദു അധികാരി ആരോപിച്ചു. ജനപിന്തുണയില്ലാത്തതിനാൽ ഏകാധിപത്യം അടിച്ചേൽപ്പിക്കാനാണ് മമതാ ബാനർജി ശ്രമിക്കുന്നത്. ബംഗാളിനെ ഉത്തര കൊറിയയാക്കാനാണ് ശ്രമം. ബിജെപി അധികാരത്തിലെത്തിയാൽ ഇപ്പോൾ ചെയ്യുന്നതിനെല്ലാം ബിജെപി കനത്ത വില കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.