ഭോപ്പാലിൽ 1800 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; രണ്ട് പ്രതികൾ അറസ്റ്റിൽ

പ്രതിദിനം 25 കിലോ മയക്കുമരുന്നാണ് ഫാക്ടറിയിൽ ഉൽപ്പാദിപ്പിച്ചിരുന്നതെന്ന് കണ്ടെത്തി

Update: 2024-10-06 10:55 GMT
Advertising

ഭോപ്പാൽ: മധ്യപ്ര​ദേശിൽ 1800 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. ഭോപ്പാലിലെ ഒരു ഫാക്ടറിയിൽ നിന്നാണ് 1,814 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോണും (എംഡി), ഇത് നിർമിക്കാൻ ഉപയോ​ഗിക്കുന്ന അസംസ്കൃത വസ്തുക്കളും അധികൃതർ പിടിച്ചെടുത്തത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഇവ കണ്ടെടുത്തത്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന ഇതുവരെ പിടികൂടിയതിൽ ഏറ്റവും വലിയ അനധികൃത മയക്കുമരുന്ന് നിർമാണ യൂണിറ്റാണിതെന്ന് അധികൃതർ പറഞ്ഞു.

പ്രതികളെന്നു കരുതുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. സന്യാൽ പ്രകാശ് ബാനെ, അമിത് ചതുർവേദി എന്നിവരാണ് അറസ്റ്റിലായത്. പ്രാഥമിക ചോദ്യം ചെയ്യലിൽ സന്യാൽ, 2017ൽ സമാനമായ മയക്കുമരുന്ന് കേസിൽ മുംബൈയിൽ അറസ്റ്റിലായതായി കണ്ടെത്തി. അഞ്ചുവർഷത്തെ ജയിൽവാസത്തിന് ശേഷം അമിത് ചതുർവേദിയുമായി ചേർന്ന് മയക്കുമരുന്ന് നിർമാണത്തിൽ ഏർപ്പെടുകയായിരുന്നു.

ഏഴ് മാസം മുമ്പ് ഇരുവരും ബഗ്രോദ ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു ഷെഡ് വാടകയ്‌ക്കെടുത്തു. തുടർന്ന് ഇരുവരും നിരോധിത സിന്തറ്റിക് മയക്കുമരുന്നായ മെഫെഡ്രോൺ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളും ഉപകരണങ്ങളും കണ്ടെത്തുകയായിരുന്നു. പ്രതിദിനം 25 കിലോ എംഡിയാണ് ഫാക്ടറിയിൽ ഉൽപ്പാദിപ്പിച്ചിരുന്നതെന്ന് കണ്ടെത്തി. റെയ്ഡിൽ 907 കിലോ മെഫെഡ്രോണും 5,000 കിലോ അസംസ്‌കൃത വസ്തുക്കളും മയക്കുമരുന്ന് നിർമാണ ഉപകരണങ്ങളും അധികൃതർ പിടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News