മദ്യപിച്ചെത്തിയ അധ്യാപകൻ വിദ്യാർഥിനിയുടെ മുടി മുറിച്ചു; പിന്നാലെ സസ്പെൻഷൻ- വീഡിയോ
മുടി മുറിച്ചത് ശരിയായി പഠിക്കാത്തതിന്‍റെ പേരിലെന്ന് വിശദീകരണം
ഭോപ്പാൽ: അധ്യാപക ദിനത്തിൽ മദ്യലഹരിയിൽ ക്ലാസിലെത്തിയ അധ്യാപകൻ വിദ്യാർത്ഥിനിയുടെ മുടി മുറിച്ചു. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ സെമാൽഖേഡിയിലെ സർക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം. മദ്യലഹരിയിലെത്തിയ വീർ സിങ് എന്ന അധ്യാപകനാണ് അഞ്ചാം ക്ലാസുകാരിയുടെ മുടിമുറിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ അധ്യാപകനെതിരെ പ്രതിഷേധം ശക്തമാകുകയും അദ്ദേഹത്തെ സർവീസിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
പെൺകുട്ടിയുടെ സമ്മതമില്ലാതെ അധ്യാപകൻ മുടി മുറിക്കാൻ ശ്രമിക്കുന്നതും പേടിച്ചപോയ കുട്ടി ഉറക്കെ കരയുന്നതും വീഡിയോയിൽ കാണാം. പരിഭ്രമിച്ച് കരയുന്ന കുട്ടിയെ സഹപാഠികളിലൊരാൾ ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്. വിദ്യാർത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. മോശം പെരുമാറ്റത്തിന് അധ്യാപകനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യ്തതായും ജില്ലാ കലക്ടർ രാജേഷ് ബാതം പറഞ്ഞു.
കത്രിക കൊണ്ട് അധ്യാപകൻ മുടിമുറിക്കാൻ ശ്രമിക്കുമ്പോൾ വിദ്യാർത്ഥിനി പേടിച്ച് കരയുകയാണ്. ശരിയായി പഠിക്കാത്തതിൻ്റെ പേരിൽ ശിക്ഷയായിട്ടാണ് വിദ്യാർഥിനിയുടെ മുടിമുറിച്ച് മാറ്റിയതെന്നാണ് വീർ സിങ് നൽകിയ വിശദീകരണം. സംഭവത്തിനിടെ പെൺകുട്ടി കരയുന്നുണ്ടെങ്കിലും അധ്യാപകൻ ശ്രദ്ധിച്ചില്ല.
കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ പ്രദേശവാസിയാണ് സംഭവത്തിന്റെ വീഡിയോ പകർത്തിയത്. ഇതിനിടെ പ്രദേശവാസിയുമായി അധ്യാപകൻ വഴക്കിടുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്ക് വീഡിയോ പകർത്താൻ കഴിയും പക്ഷെ എന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അധ്യാപകന്‍ പ്രതികരിക്കുകയും ചെയ്തു. സ്‌കൂൾ സന്ദർശിച്ച അന്വേഷണ സംഘം സ്ഥിതിഗതികൾ വിലയിരുത്തുകയും വിദ്യാർത്ഥികളുമായി സംസാരിക്കുകയും ചെയ്തു.