ഉഷ്ണതരംഗം; യുപിയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ എട്ട് ഉദ്യോഗസ്ഥർ മരിച്ചു
ഉത്തർപ്രദേശിലെ 14 ലോകസഭാ സീറ്റുകളിൽ നാളെയാണ് വോട്ടെടുപ്പ്. ഉദ്യോഗസ്ഥരുടെ മരണം വോട്ടെടുപ്പിനെ ബാധിക്കുമെന്നാണ് വിവരം.
ലഖ്നൗ: ഉത്തർപ്രദേശിൽ ഉഷ്ണതരംഗത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം. അവസാന ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് ഉദ്യോഗസ്ഥരുടെ മരണം. ഇതോടെ, ഉഷ്ണതരംഗത്തിൽ ഉത്തരേന്ത്യയിൽ മരണം 50 കടന്നു.
ഉത്തർപ്രദേശിലെ മിർസാപൂരിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന ആറ് ഹോം ഗാർഡുകൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ഇവിടെ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉദ്യോഗസ്ഥരുടെ മരണവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് ഉയരുന്നത്. കടുത്ത ചൂടിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ അധികൃതർ ഒരുക്കിയില്ലെന്നാണ് ആരോപണം.
ഉത്തർപ്രദേശിലെ 14 ലോകസഭാ സീറ്റുകളിൽ നാളെയാണ് വോട്ടെടുപ്പ്. ഉദ്യോഗസ്ഥരുടെ മരണം വോട്ടെടുപ്പിനെ ബാധിക്കുമെന്നാണ് വിവരം. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഉഷ്ണതരംഗം രൂക്ഷമായിരിക്കുന്നത്.
വിവിധയിടങ്ങളിൽ 50 ഡിഗ്രിയോളമാണ് താപനില അനുഭവപ്പെടുന്നത്. നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കനത്ത ചൂട് വോട്ടർമാർ പോളിങ് ബൂത്തിലെത്തുന്നതിനെയും ബാധിച്ചേക്കുമെന്നാണ് ആശങ്ക. രാജസ്ഥാനിലും ഇതുവരെ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കനത്ത ചൂടിൽ പൊള്ളുന്ന ബിഹാറിലും സൂര്യാതപമേറ്റ് എട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മരിച്ചിരുന്നു. 48 മണിക്കൂറിനിടെ ബിഹാറിൽ 18 പേരാണ് സൂര്യാതപമേറ്റ് മരിച്ചത്. ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന ബിഹാറിലെ മണ്ഡലങ്ങളിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരിലുള്ളവരാണ് സൂര്യാതപമേറ്റ് മരിച്ചവരെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെൻ്റർ പറയുന്നതനുസരിച്ച്, ചൂടുമായി ബന്ധപ്പെട്ട മരണങ്ങളിൽ 11 എണ്ണം റോഹ്താസ് ജില്ലയിലും ആറ് എണ്ണം ഭോജ്പൂരിലും ഒരെണ്ണം ബക്സറിലുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
റോഹ്താസിൽ മരിച്ചവരിൽ അഞ്ച് പേരും ഭോജ്പൂരിൽ രണ്ട് പേരും ബക്സറിൽ ഒരാളും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിന്യസിച്ചവരാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റോഹ്താസ് ജില്ലയിലെ സസാരം, കാരക്കാട്ട് ലോക്സഭാ മണ്ഡലങ്ങൾ, ഭോജ്പൂർ ജില്ലയിലുള്ള അറാ മണ്ഡലം, ബക്‌സർ മണ്ഡലം എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.