മഹുവ മൊയ്ത്രയ്ക്കെതിരായ കോഴ ആരോപണം; എത്തിക്സ് കമ്മിറ്റി ചൊവ്വാഴ്ച വീണ്ടും യോഗം ചേരും
കഴിഞ്ഞ യോഗത്തിൽ നിന്ന് മഹുവ മൊയ്ത്രയും കമ്മിറ്റി അംഗങ്ങളായ പ്രതിപക്ഷ എം.പിമാരും ഇറങ്ങിപ്പോയിരുന്നു.
ഡൽഹി: പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ ടി.എം.സി എം.പി മഹുവ മൊയ്ത്ര കോഴ വാങ്ങിയെന്ന ആരോപണത്തിൽ എത്തിക്സ് കമ്മിറ്റി ചൊവ്വാഴ്ച വീണ്ടും യോഗം ചേരും. ആരോപണത്തെക്കുറിച്ചുള്ള സമിതിയുടെ റിപ്പോർട്ട് യോഗത്തിൽ തയ്യാറാക്കും. കഴിഞ്ഞ യോഗത്തിൽ നിന്ന് മഹുവ മൊയ്ത്രയും കമ്മിറ്റി അംഗങ്ങളായ പ്രതിപക്ഷ എം.പിമാരും ഇറങ്ങിപ്പോയിരുന്നു.
പാർലമെൻറ് എത്തിക്സ് കമ്മിറ്റി അധ്യക്ഷൻ വിനോദ് കുമാർ സോൻകറിനെതിരെ രൂക്ഷ വിമർശനവുമായി മഹുവ മൊയ്ത്ര രംഗത്തെത്തിയിരുന്നു. വിനോദ് കുമാർ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ പെരുമാറിയെന്നും സ്ത്രീവിരുദ്ധ നിലപാടായിരുന്നു വിനോദ് കുമാറിന്‍റേതന്നുമായിരുന്നു മഹുവയുടെ ആരോപണം.
എത്തിക്സ് കമ്മിറ്റിയിൽ ദ്രൗപദിയെപ്പോലെ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടു. പരാതിയെക്കുറിച്ച് ചോദിക്കുന്നതിനു പകരം വൃത്തികെട്ട ചോദ്യങ്ങളാണ് തന്നോട് ചോദിച്ചത്. തന്‍റെ സ്വകാര്യ ജീവിതത്തിനെ കുറിച്ച് ചോദിച്ചു. താൻ ആരോട് ആണ് രാത്രി ഫോണിൽ സംസാരിക്കുന്നത് എന്ന് ചോദിച്ചു. അതിന്‍റെ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടു. പരാതിയുമായി ഇതിന് ബന്ധമില്ലെന്ന് പ്രതിപക്ഷ എം.പിമാർ പറഞ്ഞിട്ടും ഇത്തരം ചോദ്യങ്ങൾ എത്തിക്സ് കമ്മിറ്റി ചെയർമാൻ ആവർത്തിച്ചുവെന്നും മഹുവ വ്യക്തമാക്കിയിരുന്നു.
തരംതാണ ചോദ്യങ്ങളിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ എംപിമാരും താനും ഇറങ്ങിപ്പോയത്. നീതിക്ക് വേണ്ടിയുള്ള തന്‍റെ പോരാട്ടം തുടരും. എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ താൻ പറഞ്ഞത് എല്ലാം രേഖപ്പെടുത്തിയതാണ്. താൻ ആകെ ഉപയോഗിച്ച മോശം വാക്ക് "ബെഹുദാ" എന്നാണ് അതിന്‍റെ അർത്ഥം നാണം ഇല്ലാത്തതെന്നാണ്. എത്തിക്സ് ചെയർമാനാണ് മോശം വാക്കുകൾ ഉപയോഗിച്ചതെന്നും മഹുവ കൂട്ടിച്ചേർത്തു. എന്നാല്‍, പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള ഒരാൾ ഈ സ്ഥാനത്തിരിക്കുന്നത് അംഗീകരിക്കാൻ സാധിക്കാത്തതിനാലാണ് മഹുവയുടെ വിമർശനമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.