കർണാടകയിലെ മുൻ ബി.ജെ.പി മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസിലേക്ക്?

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഷെട്ടാർ എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു.

Update: 2023-04-16 14:26 GMT
Advertising

ബംഗളൂരു: മുതിർന്ന ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാറിനെ പാർട്ടിയിലെത്തിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി കോൺഗ്രസ്. എം.ബി പാട്ടീൽ, ശമനൂർ ശിവശങ്കരപ്പ എന്നിവരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് കരുനീക്കം. ഇവർക്ക് ഷെട്ടാറുമായുള്ള കുടുംബ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി അദ്ദേഹത്തെ പാർട്ടിയിലെത്തിക്കാനാണ് നീക്കം.

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഷെട്ടാർ എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു. ഹുബ്ബള്ളി-ധർവാഡ് സീറ്റിൽ സ്ഥാനാർഥിത്വം നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഷെട്ടാറിന്റെ രാജി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെയുമായും ഷെട്ടാർ ചർച്ച നടത്തിയതായാണ് വിവരം. രാഹുൽ ഗാന്ധിയുമായി ഷെട്ടാർ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്.

ലിംഗായത്ത് സമുദായാംഗമായ ഷെട്ടാറിനെ പാർട്ടിയിലെത്തിക്കാനായാൽ ലിംഗായത്ത് സമുദായത്തിൽ സ്വാധീനമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ബി.എസ് യെദ്യൂരപ്പയുടെ സ്വാധീനം മൂലം ബി.ജെ.പിയുടെ ഉറച്ച വോട്ട് ബാങ്കായി പരിഗണിക്കപ്പെടുന്ന സമുദായമാണ് ലിംഗായത്ത്.

അതേസമയം പാർട്ടി വിടാനുള്ള ഷെട്ടാറിന്റെ തീരുമാനത്തെ ബി.എസ് യെദ്യൂരപ്പ രൂക്ഷമായി വിമർശിച്ചു. ഷെട്ടാറിനോട് ജനം ക്ഷമിക്കില്ലെന്ന് യെദ്യൂരപ്പ പറഞ്ഞു. കുടുംബത്തിലെ ആരെയെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം പറഞ്ഞിരുന്നു. രാജ്യസഭയിൽ അംഗമാക്കാമെന്നും കേന്ദ്രമന്ത്രിയാക്കാമെന്നും ഷെട്ടാറിന് വാഗ്ദാനം നൽകി. കോൺഗ്രസിലേക്ക് പോകാൻ അദ്ദേഹം നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും യെദ്യൂരപ്പ ആരോപിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News