എൻഡിഎ തൂത്തുവാരുമെന്ന് പ്രവചനം; എക്‌സിറ്റ് പോൾ തെറ്റി, പൊട്ടിക്കരഞ്ഞ് ഏജൻസി തലവൻ
പ്രശസ്‌ത യൂട്യൂബർ ധ്രുവ് റാഠിയും എക്‌സിറ്റ് പോളുകളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ എക്‌സിറ്റ് പോളുകൾക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് നാലുപാടുനിന്നും ഉയരുന്നത്. തന്റെ ഏജൻസി പുറത്തുവിട്ട എക്‌സിറ്റ് പോളും തെരഞ്ഞെടുപ്പ് ഫലവുമായി വിദൂര ബന്ധം പോലുമില്ലെന്ന് തെളിഞ്ഞതോടെ ആക്സിസ് മൈ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് ഗുപ്ത പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രതികരിച്ചത്. ഒരു ടെലിവിഷൻ അഭിമുഖത്തിനിടെയാണ് നിയന്ത്രണം വിട്ട് പ്രദീപ് ഗുപ്ത പൊട്ടിക്കരഞ്ഞത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ എന്‍ഡിഎ 300ൽ താഴെ സീറ്റുകളിലേക്ക് ഒതുങ്ങുകയും ഇൻഡ്യ മുന്നണി മികച്ച പ്രകടനം കാഴ്‌ച വെക്കുന്നതുമാണ് കണ്ടത്. എന്നാൽ, ജൂൺ ഒന്നിന്, ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോൾ ബിജെപിയെ മോദിയുടെ 'ചാർ സൗ പാറിലേക്ക്' (400) എത്തിച്ചുകഴിഞ്ഞിരുന്നു. 361 മുതൽ 401 വരെ സീറ്റുകൾ നേടി എൻഡിഎ വൻ വിജയം നേടുമെന്നായിരുന്നു പ്രദീപ് ഗുപ്തയുടെ ഏജൻസിയുടെ പ്രവചനം.
എല്ലാ മണ്ഡലങ്ങളും ബിജെപി തൂത്തുവാരുമെന്ന എക്സിറ്റ് പോളുകളെ തൂത്തെറിയുന്നതാണ് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം. ആക്‌സിസ് മൈ ഇന്ത്യ ഇൻഡ്യ സഖ്യത്തിന് 131 മുതൽ 166 വരെ സീറ്റുകളാണ് പ്രവചിച്ചിരുന്നത്. എന്നാൽ, വൈകിട്ട് ആറുമണി വരെയുള്ള കണക്ക് പ്രകാരം ഇൻഡ്യ സഖ്യം 235 ഇടങ്ങളിൽ ലീഡ് ചെയ്യുന്നുവെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് ചർച്ചാ പാനലിൻ്റെ ഭാഗമായി ടെലിവിഷനിൽ ഫലങ്ങൾ ചർച്ച ചെയ്യാൻ എത്തിയ പ്രദീപ് ഗുപ്തയ്ക്ക് വികാരങ്ങൾ നിയന്ത്രിക്കാനായില്ല. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ലൈവായി അവലോകനം ചെയ്യുന്ന ഇന്ത്യ ടുഡെ ചാനലിന്റെ പരിപാടിയ്ക്കിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ലൈവിനിടെ സഹ പാനലിസ്റ്റുകളും അവതാരകനും അദ്ദേഹത്തെ ആശ്വസിപ്പിക്കാനെത്തി. സംഭവം സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് കാരണമായിട്ടുണ്ട്.
'ആക്സിസ് മൈ ഇന്ത്യ കഴിഞ്ഞ 10 വർഷമായി തുടർച്ചയായി എക്സിറ്റ് പോളുകൾ നടത്തി. രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ ഉൾപ്പെടെ 69 തെരഞ്ഞെടുപ്പുകളിൽ ഞങ്ങൾ അത് കൃത്യമായി ചെയ്തു. ഞങ്ങളുടെ പ്രവചനങ്ങൾ 65 തവണയും ശരിയായിരുന്നു. ഈ 65 തവണയും കോൺഗ്രസ് ഉൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നോ രണ്ടോ തവണ വിജയിക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസ്യതയെ സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്ന ആളുകൾ ഞങ്ങളുടെ ട്രാക്ക് റെക്കോർഡ് നോക്കണം'; തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ഗുപ്ത ആത്മവിശ്വാസം പ്രകടിപ്പിച്ചത് ഇങ്ങനെയായിരുന്നു.
പോളിനെ ചോദ്യം ചെയ്യുന്നവര്‍ ആക്‌സിസ് മൈ ഇന്ത്യയുടെ ചരിത്രം പരിശോധിക്കാന്‍ തയ്യാറാകണമെന്നും ഗുപ്ത വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ആക്‌സിസ് മൈ ഇന്ത്യ ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ നടത്തിയ പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ഇതോടെ നിലവിട്ട് ഗുപ്‍ത പൊട്ടിക്കരയുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ മിക്കവാറുമെല്ലാം ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണിക്ക് വന്‍ വിജയമാണ് പ്രവചിച്ചിരുന്നത്. പ്രശസ്‌ത യൂട്യൂബർ ധ്രുവ് റാഠിയും എക്‌സിറ്റ് പോളുകളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം മാറി മറിഞ്ഞതോടെ എക്‌സിറ്റ് പോളുകളുടെ വിശ്വാസ്യതയും ഒപ്പം രാഷ്ട്രീയ ലക്ഷ്യങ്ങളും ചോദ്യം ചെയ്യപ്പെടുകയാണ്.