'നാല് വർഷത്തിന് ശേഷം ഈ സൈനികർ എന്ത് ചെയ്യും?'; അഗ്നിവീറുകളുടെ വിരമിക്കൽ പ്രായം 65 ആക്കണമെന്ന് മമത
''അവർ ആളുകളെ നാല് മാസത്തേക്ക് പരിശീലിപ്പിക്കുകയും നാല് വർഷത്തേക്ക് മാത്രം റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നു. അതിന് ശേഷമോ?''
'അഗ്നിപഥ്' പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യുന്ന സൈനികരുടെ വിരമിക്കൽ പ്രായം 65 വയസ്സാക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്ന നാല് വർഷമെന്ന കാലാവധി അവരുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്നും മമത പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പുതിയ പ്രതിരോധ റിക്രൂട്ട്‌മെന്‍റ് പദ്ധതി ആരംഭിച്ചതെന്നും മമത ബാനർജി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി സര്‍ക്കാരിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് എന്‍റെ മുദ്രാവാക്യം. ''അവർ ആളുകളെ നാല് മാസത്തേക്ക് പരിശീലിപ്പിക്കുകയും നാല് വർഷത്തേക്ക് മാത്രം റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നു. അതിന് ശേഷമോ?. നാല് വര്‍ഷത്തിന് ശേഷം ഈ സൈനികർ എന്ത് ചെയ്യും? അവരുടെ വിധി എന്തായിരിക്കും? ഇത് വലിയ അനിശ്ചിതത്വം സൃഷ്ടിക്കും... അഗ്നിവീറുകളുടെ വിരമിക്കല്‍ പ്രായം 65 വയസ്സായി നീട്ടണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു''.
പശ്ചിമ ബംഗാളിലെ ബർദ്വാനിൽ വെച്ചുനടന്ന ഒരു പരിപാടിക്കിടെയായിരുന്നു മമതയുടെ പരാമര്‍ശം. 17-നും 21-നും ഇടയിൽ പ്രായമുള്ള യുവാക്കളെ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് നാല് വർഷത്തേക്ക് മാത്രം വിഭാവനം ചെയ്യുന്നു, അവരിൽ 25 ശതമാനം പേരെ 15 വർഷത്തേക്ക് കൂടി നിലനിർത്താനുള്ള വ്യവസ്ഥയുണ്ട്. 2022-ലെ ഉയർന്ന പ്രായപരിധി 23 വർഷത്തേക്ക് നീട്ടി.
എന്താണ് 'അഗ്നിപഥ്' പദ്ധതി?
പതിനേഴര വയസ്സ് ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവർ 'അഗ്നിവീർ' എന്നറിയപ്പെടും. ഈ വർഷം തന്നെ പദ്ധതി ആരംഭിക്കും. ഇക്കൊല്ലം 46,000 പേരെ റിക്രൂട്ട് ചെയ്യാനാണ് പരിപാടി. പെൺകുട്ടികൾക്കും പദ്ധതിയിൽ ചേരാം. അഗ്നിവീർ ആയി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപയാണ് ശമ്പളം. നാലു വർഷത്തിനു ശേഷം പിരിയുമ്പോൾ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരിൽനിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേർക്ക് സൈന്യത്തിൽ തുടരാം.
റിക്രൂട്ട്മെന്‍റ് നടപടികൾ
നിലവിൽ സൈന്യത്തിൽ ചേരാനുള്ള റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങള്‍ അതേപടി അഗ്നിപഥിനും തുടരും. റാലികളിലൂടെ വര്‍ഷത്തില്‍ രണ്ടുതവണ റിക്രൂട്ട്മെന്റ് നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആറ് മാസത്തെ പരിശീലനവും തുടര്‍ന്ന് മൂന്നര വര്‍ഷത്തെ നിയമനവുമാണു നല്‍കുക. തുടക്കത്തിൽ 30,000 രൂപയുള്ള ശമ്പളം സേവനത്തിന്‍റെ അവസാനത്തിൽ 40,000 രൂപയായി വർധിക്കും. ശമ്പളത്തിന്റെ 30 ശതമാനം സേവാ നിധി പ്രോഗാമിലേക്കു മാറ്റും. നാല് വർഷം ഇങ്ങനെ മാറ്റിവെക്കുന്ന തുക കൂടി ചേർത്ത് സേവന കാലയളവ് അവസാനിക്കുമ്പോള്‍ ഓരോ സൈനികനും 11.71 ലക്ഷം രൂപ ലഭിക്കും.