'വാങ്കഡെ ദീപിക പദുകോണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളില്‍ നിന്ന് പണം തട്ടി': കത്ത് പുറത്തുവിട്ട് നവാബ് മാലിക്

പേര് വെളിപ്പെടുത്താതെ ഒരു എന്‍സിബി ഉദ്യോഗസ്ഥന്‍ അയച്ച കത്ത് നവാബ് മാലിക് പുറത്തുവിട്ടു

Update: 2021-10-26 07:57 GMT
Advertising

ലഹരിക്കേസില്‍ ബോളിവുഡ് താരങ്ങളില്‍ നിന്ന് എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പണം തട്ടിയെന്ന് ആരോപണം. പേര് വെളിപ്പെടുത്താതെ ഒരു എന്‍സിബി ഉദ്യോഗസ്ഥന്‍ തനിക്ക് കത്തയച്ചെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആണ് പറഞ്ഞത്. കത്ത് അദ്ദേഹം പുറത്തുവിടുകയും ചെയ്തു.

നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെ ബോളിവുഡില്‍ നടന്ന ലഹരിവേട്ടയെ കുറിച്ചാണ് കത്തിലെ പരാമര്‍ശം. ചോദ്യംചെയ്യാനായി വിളിപ്പിച്ച ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, റിയ ചക്രബർത്തി, രാകുൽ പ്രീത് സിംഗ്, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ തുടങ്ങിയവരിൽ നിന്ന് എൻസിബി ഉദ്യോഗസ്ഥൻ പണം തട്ടിയെന്നാണ് ആരോപണം. കേസില്‍പ്പെടുത്താതിരിക്കണമെങ്കില്‍ പണം നല്‍കണം എന്നാണ് ആവശ്യപ്പെട്ടത്. ഇങ്ങനെ തട്ടിയെടുത്ത പണത്തിന്‍റെ ഒരു പങ്ക് എൻസിബി ഡിജിയുടെ അധിക ചുമതല വഹിച്ചിരുന്ന രാകേഷ് അസ്താനയ്ക്ക് നല്‍കിയെന്നും കത്തില്‍ പറയുന്നു. ഡല്‍ഹി പൊലീസ് കമ്മീഷണറാണ് രാകേഷ് അസ്താന.

റിയാസ്ഖാൻ എന്ന അഭിഭാഷകൻ മുഖേനയാണ് വാങ്കഡെ പണം വാങ്ങിയിരുന്നതെന്നാണ് ആരോപണം. നിരപരാധികളെ വാങ്കഡെ ലഹരി കേസിൽ  കുടുക്കി. പല റെയ്ഡുകളും നടപടിക്രമങ്ങള്‍ പാലിക്കാതെയായിരുന്നുവെന്നും കത്തില്‍ പരാമര്‍ശമുണ്ട്. താന്‍ എന്‍സിബിയുടെ ഭാഗമായതിനാല്‍ പേര് വെളിപ്പെടുത്താനാവില്ലെന്നും സൂചിപ്പിച്ച കാര്യങ്ങളെ കുറിച്ച് അന്വേഷണം വേണമെന്നും ഉദ്യോഗസ്ഥന്‍ കത്തില്‍ ആവശ്യപ്പെട്ടു.

ആര്യന്‍ ഖാന്‍ കേസിലെ സാക്ഷി വാങ്കഡെക്കെതിരെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഈ കത്ത് പുറത്തുവന്നത്. ആര്യൻ ഖാനൊപ്പം ക്രൂയിസ് കപ്പലിൽ നിന്നും സെൽഫിയെടുത്ത കിരണ്‍ ഗോസാവി ഷാരൂഖ് ഖാന്‍റെ മാനേജരോട് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് കേസിലെ മറ്റൊരു സാക്ഷിയായ പ്രഭാകർ സെയിൽ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. 25 കോടിയിൽ 8 കോടി എൻസിബി സോണൽ ഡയറക്ടറായ സമീർ വാങ്കഡെക്ക് നൽകാമെന്ന് ഗോസാവി പറഞ്ഞത് കേട്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. ഈ ആരോപണത്തില്‍ വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണവും വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News