ഭാര്യയെ കൊലപ്പെടുത്തി നാടുവിട്ട ‘ആൾദൈവം’ പിടിയിൽ
2021 ഡിസംബറിലാണ് ഭാര്യ വാണിയെ കൊന്ന് മൃതദേഹം മേശയുടെ അടിയിൽ ഒളിപ്പിച്ച് രമേശ് കടന്ന് കളഞ്ഞത്.
ചെന്നെെ: ഭാര്യയെ കൊലപ്പെടുത്തി പതിനെട്ട് മാസമായി വേഷം മാറി ഒളിവില്‍ കഴിഞ്ഞുവന്ന ആള്‍ദൈവം പിടിയില്‍. ചെന്നൈ സ്വദേശി രമേഷ് (44) എന്നയാളാണ് പൊലീസ് പിടിയിലായത്. 2021 ഡിസംബറിലാണ് ഭാര്യ വാണിയെ കൊന്ന് മൃതദേഹം മേശയുടെ അടിയിൽ ഒളിപ്പിച്ച് രമേശ് കടന്ന് കളഞ്ഞത്.
ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ വാണിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ പഴയ വസ്ത്രങ്ങള്‍ക്കൊപ്പം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം, ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് വാണിയുടെ അമ്മ നടത്തിയ തിരച്ചിലിലാണ് മകളുടെ മൃതദേഹം വീട്ടിലെ മേശയ്ക്ക് അടിയിൽ കണ്ടെത്തിയത്.
വാണി കേസിൽ അടുത്തിടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ സൂചന ലഭിച്ചത്. താടിയും മുടിയും നീട്ടി ആള്‍ദൈവമായി ഒളിവില്‍ കഴിയുക ആയിരുന്നു. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് സമീപം വച്ചാണ് പ്രതി പിടിയിലായത്. ഡല്‍ഹിയിലെ ഒരു ആശ്രമത്തിലേക്ക് പോകാനായിരുന്നു ഇയാളുടെ ശ്രമം. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.