സിങ്കം പോലുള്ള സിനിമകള്‍ സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശം: ബോംബെ ഹൈക്കോടതി ജഡ്ജി
വേഗത്തില്‍ നീതി നടപ്പാക്കുന്ന നായകനായ പൊലീസിന്‍റെ സിനിമാറ്റിക് ഇമേജ് വളരെ ദോഷകരമായ സന്ദേശമാണ് നൽകുന്നത്
മുംബൈ: അജയ് ദേവഗണിന്‍റെ സിങ്കം പോലുള്ള സിനിമകള്‍ സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഗൗതം പട്ടേല്‍. നിയമത്തിന്‍റെ നടപടിക്രമങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ വേഗത്തില്‍ നീതി നടപ്പാക്കുന്ന നായകനായ പൊലീസിന്‍റെ സിനിമാറ്റിക് ഇമേജ് വളരെ ദോഷകരമായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പൊലീസ് ഫൗണ്ടേഷന്‍റെ വാർഷിക ദിനവും പൊലീസ് നവീകരണ ദിനവും പ്രമാണിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ, നിയമനടപടികളോടുള്ള ജനങ്ങളുടെ 'അക്ഷമയെ' അദ്ദേഹം ചോദ്യം ചെയ്തു. അഴിമതിക്കാരും ഉത്തരവാദിത്തമില്ലാത്തവരും എന്ന പൊലീസിനെക്കുറിച്ചുള്ള പൊതുധാരണ ജഡ്ജിമാർ, രാഷ്ട്രീയക്കാർ, പത്രപ്രവർത്തകർ എന്നിവരുൾപ്പെടെയുള്ളവരുടെ കാര്യത്തിലും ബാധകമാണെന്നും ജസ്റ്റിസ് പറഞ്ഞു. കോടതികൾ തങ്ങളുടെ ജോലി ചെയ്യുന്നില്ലെന്ന് പൊതുസമൂഹം ചിന്തിക്കുമ്പോൾ, പൊലീസ് ഇടപെട്ടാൽ അത് ആഘോഷിക്കുകയാണെന്ന് ഗൗതം പട്ടേല്‍ ചൂണ്ടിക്കാട്ടി.
"ഇതുകൊണ്ടാണ് ഒരു ബലാത്സംഗക്കേസിൽ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുമ്പോൾ കുഴപ്പമില്ലെന്ന് ആളുകള്‍ കരുതുന്നതും ആഘോഷിക്കപ്പെടുന്നതും. ഇരക്ക് നീതി ലഭിച്ചുവെന്ന് കരുതുന്നു..എന്നാല്‍ നീതി ലഭിച്ചോ? ഈ വീക്ഷണം ആഴത്തിൽ വ്യാപിക്കുകയും നമ്മുടെ ജനകീയ സംസ്കാരത്തിൽ, പ്രത്യേകിച്ച് ഇന്ത്യൻ സിനിമയിൽ ശക്തമായി പ്രതിഫലിക്കുകയും ചെയ്യുന്നു.. ജസ്റ്റിസ് പട്ടേൽ ചൂണ്ടിക്കാട്ടി. സിനിമകളില്‍ ജഡ്ജിമാരെ നിഷ്ക്കളങ്കരും ഭീരുക്കളും കട്ടി കൂടിയ കണ്ണട വയ്ക്കുന്നവരും മോശമായി വസ്ത്രം ധരിക്കുന്നവരുമായി കാണിക്കുന്നു. കുറ്റവാളികളെ വെറുതെ വിടുന്നുവെന്ന് കാട്ടി കോടതിയെ കുറ്റപ്പെടുത്തുന്നു. നായകനായ പൊലീസ് ഒറ്റക്ക് പൊരുതി അതിക്രമത്തിനിരയായവര്‍ക്ക് നീതി ലഭ്യമാക്കുന്നു. ..ജസ്റ്റിസ് പറഞ്ഞു.
സൂര്യ നായകനായ തമിഴ് ചിത്രം സിങ്കത്തിന്‍റെ റീമേക്കാണ് രോഹിത് ഷെട്ടി അതേ പേരില്‍ ഹിന്ദിയിലൊരുക്കിയ സിങ്കം. സിങ്കം റിട്ടേണ്‍സ് എന്ന പേരില്‍ 2014ല്‍ ഇതിന്‍റെ രണ്ടാം ഭാഗവും പുറത്തിറക്കിയിരുന്നു.