''ബി.ജെ.പിക്കെതിരായ പോരാട്ടത്തിനു പകരം നേതാക്കന്മാരുടെ തമ്മിലടി''; അസം കോൺഗ്രസ് മുൻ അധ്യക്ഷൻ റിപുൻ ബോറ തൃണമൂലിൽ

ബി.ജെ.പിയെ പ്രതിരോധിക്കാൻ എല്ലാവരും ഒന്നിച്ച് ഒറ്റക്കെട്ടായി പോരാടുന്നതിനു പകരം ഈ സന്ദിഗ്ധഘട്ടത്തിൽ പാർട്ടിയിലെ നേതാക്കൾ സ്വാർത്ഥതാൽപര്യങ്ങൾക്കു വേണ്ടി തമ്മിലടിക്കുകയാണെന്ന് സോണിയ ഗാന്ധിക്ക് നൽകിയ രാജിക്കത്തിൽ റിപുൻ ബോറ

Update: 2022-04-17 15:51 GMT
Editor : Shaheer | By : Web Desk
Advertising

ഗുവാഹത്തി: അസം കോൺഗ്രസ് മുൻ അധ്യക്ഷൻ റിപുൻ ബോറ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കൊൽക്കത്തയിൽ തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.

1976 മുതൽ കോൺഗ്രസ് അംഗമാണ് റിപുൻ ബോറ. കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് നേരത്തെ രാജിക്കത്ത് നൽകിയിരുന്നു. അസമിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്ക് ബി.ജെ.പി നേതാക്കളുമായും മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയുമായെല്ലാം അടുത്ത ബന്ധമുണ്ടെന്ന് രാജിക്കത്തിൽ റിപുൻ ആരോപിച്ചു. ബി.ജെ.പിയെ പ്രതിരോധിക്കാൻ എല്ലാവരും ഒന്നിച്ച് ഒറ്റക്കെട്ടായി പോരാടുന്നതിനു പകരം ഈ സന്ദിഗ്ധഘട്ടത്തിൽ പാർട്ടിയിലെ നേതാക്കൾ സ്വാർത്ഥതാൽപര്യങ്ങൾക്കു വേണ്ടി തമ്മിലടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബോറയെ അഭിഷേക് ബാനർജി തൃണമൂലിലേക്ക് സ്വാഗതം ചെയ്തു. ശക്തനും പ്രഗത്ഭനുമായ രാഷ്ട്രീയ നേതാവായ റിപുൻ ബോറയ്ക്ക് തൃണമൂൽ കോൺഗ്രസ് കുടുംബത്തിലേക്ക് ഹാർദമായ സ്വാഗതമെന്ന് അഭിഷേക് ട്വീറ്റ് ചെയ്തു. താങ്കൾ പാർട്ടിയിലെത്തിയതിൽ അതീവ സന്തുഷ്ടരാണ് തങ്ങളെന്നും ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഒന്നിച്ചുപ്രവർത്തിക്കാൻ കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദീർഘകാലം അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്ന റിപുൻ ബോറ മുൻപ് രാജ്യസഭാ അംഗവുമായിരുന്നു. അസമിൽ വിദ്യാഭ്യാസമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇത്തവണ രാജ്യസഭാ തെരഞ്ഞെടുപ്പിൽ അസമിലെ പ്രതിപക്ഷകക്ഷികളുടെ സംയുക്ത സ്ഥാനാർത്ഥിയായിരുന്നു റിപുൻ ബോറ. എന്നാൽ, തെരഞ്ഞെടുപ്പിൽ ജയിക്കാനായിരുന്നില്ല.

Summary: Former Assam congress president Ripun Bora joins TMC

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News