'മാനവികതയാണ് എന്‍റെ മതം'; തിരുമല ക്ഷേത്ര സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നാലെ വിശ്വാസപ്രഖ്യാപനവുമായി ജഗന്‍ മോഹന്‍ റെഡ്ഡി
ഞാൻ എൻ്റെ വീടിൻ്റെ നാല് ചുവരുകൾക്കുള്ളിൽ ബൈബിൾ വായിക്കുന്നു
വിജയവാഡ: തിരുമലയിലെ ശ്രീവരി ക്ഷേത്രം സന്ദർശിക്കുന്നതിൽ നിന്ന് സർക്കാർ തന്നെ തടയാന്‍ ശ്രമിക്കുന്നതായി മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസി അധ്യക്ഷനുമായ വൈ.എസ് ജഗൻ മോഹൻ റെഡ്ഡി. തൻ്റെ മതം മനുഷ്യത്വമാണെന്നും അത് തൻ്റെ വിശ്വാസ പ്രഖ്യാപനമായി കണക്കാക്കാമെന്നും വെള്ളിയാഴ്ച പറഞ്ഞു.തിരുപ്പതിയിലെ ലഡു വിവാദത്തിന് പിന്നാലെ ക്ഷേത്രത്തില്‍ പോകുന്നതിന് മുമ്പ് ജഗന്‍ മോഹന്‍ വിശ്വാസങ്ങളെ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കണമെന്ന് മന്ത്രി നാര ലോകേഷ് പറഞ്ഞിരുന്നു.
“ഇന്ന് അവർ എന്നോട് എൻ്റെ മതം ചോദിക്കുന്നു. ഞാനത് വ്യക്തമാക്കട്ടെ. എൻ്റെ വീടിൻ്റെ നാല് ചുവരുകൾക്കുള്ളിൽ ബൈബിൾ വായിക്കുന്നു, എന്നാൽ പുറത്തിറങ്ങുമ്പോൾ ഹിന്ദുക്കളുടെയും സിഖുകാരുടെയും മുസ്‍ലിംകളുടെയും പാരമ്പര്യങ്ങളെ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നു. എൻ്റെ മതം മാനവികതയാണ്''. ഭരണഘടനയുടെ ആമുഖം ഉദ്ധരിച്ച് ജഗന്‍ നമ്മൾ ജീവിക്കുന്നത് മതേതര രാജ്യമാണോ എന്നറിയാൻ ആരാഞ്ഞു.“എനിക്ക് ക്ഷേത്രം സന്ദർശിക്കണമെങ്കിൽ എൻ്റെ മതം പ്രഖ്യാപിക്കണമെന്ന് അവർ പറയുന്നു. ഒരു മുൻ മുഖ്യമന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ ദലിതരുടെ കാര്യമോ? അവരെ അനുവദിക്കുമോ ഇല്ലയോ?"നായിഡു വർഗീയ രാഷ്ട്രീയം കളിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൻഡിഎ സർക്കാരിൻ്റെ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച നടത്തേണ്ടിയിരുന്ന തിരുമല സന്ദർശനം മാറ്റിവച്ചതായി താഡപള്ളിയിലെ വസതിയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ജഗന്‍ പറഞ്ഞു. '' തിരുമല സന്ദർശനത്തിന് അനുമതിയില്ലെന്നും പരിപാടിയിൽ പങ്കെടുത്താൽ നടപടിയെടുക്കുമെന്നും കാണിച്ച് ഞങ്ങളുടെ പാർട്ടി നേതാക്കൾ, കോർപ്പറേറ്റർമാർ, കേഡർ എന്നിവർക്ക് നോട്ടീസ് നൽകിയിരുന്നു'' തിരുപ്പതിയിലെ വൈഎസ്ആർസി നേതാക്കൾക്ക് നൽകിയതായി ആരോപിക്കപ്പെടുന്ന നോട്ടീസിനെ ഉദ്ധരിച്ച് ജഗന്‍ മോഹന്‍ വ്യക്തമാക്കി. ബാലാജി ഭഗവാനെ ദർശിക്കുന്നതിൽ നിന്ന് തന്നെ തടയാൻ ശ്രമിച്ച എൻഡിഎ ഭരണത്തെ പൈശാചികമെന്ന് വിശേഷിപ്പിച്ച ജഗൻ, അയൽ സംസ്ഥാനങ്ങളിൽ നിന്ന് ബിജെപി പ്രവർത്തകർ തിരുപ്പതിയിൽ എത്തുന്നുവെന്നും തന്നെ തടയാന്‍ ആയിരക്കണക്കിന് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ താൻ ആശ്ചര്യപ്പെട്ടുവെന്നും കൂട്ടിച്ചേര്‍ത്തു.
തിരുപ്പതി ലഡ്ഡു വിവാദം രാഷ്ട്രീയവത്ക്കരിക്കാനുള്ള നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ടിഡിപിയുടെയും ബിജെപിയുടെയും തന്ത്രമാണിത്. അതുകൊണ്ടാണ് തന്‍റെ വ്യക്തിപരമായ വിശ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുംതൻ്റെ വിശ്വാസം എന്താണെന്ന് സംസ്ഥാനത്തും രാജ്യത്തുമുള്ള എല്ലാവർക്കും അറിയാമെന്ന് വൈഎസ്ആർസി മേധാവി പറഞ്ഞു. താൻ മുമ്പ് പലതവണ തിരുമല സന്ദർശിച്ചിട്ടുണ്ടെന്ന് പറഞ്ഞ ജഗന്‍ തൻ്റെ പിതാവ്, അന്തരിച്ച വൈ എസ് രാജശേഖര റെഡ്ഡി, ബ്രഹ്മോത്സവങ്ങളിൽ ഭഗവാൻ ബാലാജിക്ക് വസ്ത്രങ്ങൾ സമർപ്പിക്കാനുള്ള അവസരം നൽകി അനുഗ്രഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി എന്ന നിലയിൽ തനിക്കും ഇതേ അനുഗ്രഹം ലഭിച്ചത് ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച രാത്രി തിരുമലയിലെത്തി ശനിയാഴ്ച ക്ഷേത്രം സന്ദര്‍ശിക്കാനാണ് ജഗന്‍ മോഹന്‍ റെഡ്ഡി തീരുമാനിച്ചിരുന്നത്. പൊലീസ് അനുമതി നല്‍കിയില്ലെന്ന് പറഞ്ഞ് പിന്നീട് സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.