കോൺഗ്രസിന് തിരിച്ചടി: മുൻ ഗോവ മുഖ്യമന്ത്രി തൃണമൂലിൽ, വന്‍ വരവേല്‍പ്പ്
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി, സംസ്ഥാന മന്ത്രി സുബ്രത മുഖര്‍ജി എന്നിവരടങ്ങിയ ചടങ്ങിലായിരുന്നു ലൂസിഞ്ഞോ ഫലേറൊ തൃണമൂല്‍ അംഗത്വം സ്വീകരിച്ചത്.
മുൻഗോവ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ലൂസിഞ്ഞോ ഫലേറൊ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി, സംസ്ഥാന മന്ത്രി സുബ്രത മുഖര്‍ജി എന്നിവരടങ്ങിയ ചടങ്ങിലായിരുന്നു ലൂസിഞ്ഞോ ഫലേറൊ തൃണമൂല്‍ അംഗത്വം സ്വീകരിച്ചത്.
തൃണമൂല്‍ അംഗത്വം സ്വീകരിക്കാനായി അദ്ദേഹം കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ എത്തിയിരുന്നു. ഏതാനും പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു അദ്ദേഹം കൊല്‍ക്കത്തയില്‍ എത്തിയത്. കഴിഞ്ഞ ദിവസാണ് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജി പ്രഖ്യാപിച്ചത്. 40 വർഷം നീണ്ട ബന്ധം കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് അദ്ദേഹം തൃണമൂലില്‍ എത്തുന്നത്. മഹിള കോൺഗ്രസ് ദേശീയ അധ്യക്ഷയായിരുന്ന സുഷ്മിത ദേബിന് ശേഷം കോൺഗ്രസ് വിട്ട് ടി.എം.സിയിലേക്ക് ചേക്കേറുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് ലൂസിഞ്ഞോ ഫലേറൊ.
കോൺഗ്രസ് താരതമ്യേന ദുർബലമായിക്കൊണ്ടിരിക്കുന്ന ഗോവയിൽ കടന്നു കയറാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാർട്ടിയും തൃണമൂലും. അതിനിടയിലാണ് തലയെടുപ്പുള്ള നേതാവിനെ തന്നെ തൃണമൂലില്‍ മമത എത്തിച്ചിരിക്കുന്നത്. കോൺഗ്രസുകാരനായിരിക്കേ 2019ലെ ത്രിപുര നിയമസഭ തെരഞ്ഞെപ്പിന്‍റെ ചുമതലകൾ വഹിച്ച ഫലേറോയുടെ വരവ് വടക്ക്കിഴക്കൻ സംസ്ഥാനത്തും പാർട്ടിക്ക് ഗുണകരമാകുമെന്നാണ് മമതയുടെ കണക്കുകൂട്ടൽ.
തിങ്കളാഴ്ചയാണ് ലൂസിഞ്ഞോ ഫലേറൊ മമത ബാനർജിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. കോൺഗ്രസിൽനിന്ന് താൻ ഒരുപാട് കഷ്ടപാടുകൾ അനുഭവിച്ചിട്ടുണ്ടെന്നും ഇപ്പോൾ ഗോവക്കാരുടെ കഷ്ടതകൾ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹമെന്നുമായിരുന്നു ലൂസിഞ്ഞോ ഫലേറൊ അഭിപ്രായപ്പെട്ടിരുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെയും തെരുവ് പോരാളിയുടെയും പ്രതീകമാണ് മമത ബാനർജിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.