മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്; മുൻമുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് തോൽവി
2014 മുതൽ കരാഡ് സൗത്ത് എംഎൽഎ ആയിരുന്നു പൃഥ്വിരാജ് ചവാൻ
പൂനെ: കരാഡ് സൗത്തിൽ തോൽവിയേറ്റു വാങ്ങി മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ. ബിജെപിയുടെ അതുൽബാവ ഭോസ്‌ലെയോട് 39,355 വോട്ടിനാണ് ചവാൻ തോറ്റത്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന മണ്ഡലത്തിൽ 1,00,150 വോട്ടാണ് ചവാന്റെ നേട്ടം.
2014 മുതൽ കരാഡ് സൗത്ത് എംഎൽഎ ആയിരുന്നു പൃഥ്വിരാജ് ചവാൻ. ഇവിടെ 1,39,505 വോട്ടുകൾ നേടിയാണ് അതുൽബാബ ഭോസ്‌ലെ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. 2010-14 കാലയളവിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിപദം അലങ്കരിച്ച ചവാൻ യുപിഎ സർക്കാരിന്റെ ഭരണകാലത്ത് വിവിധ വകുപ്പുകളിൽ മന്ത്രിയായിരുന്നു.
മഹാരാഷ്ട്രയിൽ 228 സീറ്റിൽ ലീഡ് ചെയ്യുകയാണ് മഹായുതി സഖ്യം. ബിജെപി 98സീറ്റിൽ വിജയിച്ചപ്പോൾ 35 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. ശിവസേന ഷിൻഡെ വിഭാഗം 46 സീറ്റിൽ വിജയിച്ചു. 11 സീറ്റിൽ ലീഡ് ചെയ്യുന്നു. എൻസിപി അജിത് പവാർ പക്ഷം 36 സീറ്റിൽ വിജയിച്ചു. 5 സീറ്റിൽ ലീഡ് ചെയ്യുകയാണ്.
മഹാ വികാസ് അഘാഡിയിൽ ശിവസേന ഉദ്ധവ് പക്ഷം 18 സീറ്റിൽ വിജയിച്ചു. 2 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസ് 10 സീറ്റിൽ വിജയിച്ചു. 5 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. എൻസിപി ശരദ് പവാർ പക്ഷം 9 സീറ്റിൽ വിജയിച്ചു. 1 സീറ്റിൽ ലീഡ് ചെയ്യുകയാണ്. എസ്പി രണ്ട് സീറ്റിൽ വിജയിച്ചു.