ബാബരി, മുത്തലാഖ് കേസുകളിൽ വിധി പറഞ്ഞ റിട്ട. ജഡ്ജ് എസ് അബ്ദുൽ നസീർ ആന്ധ്ര ഗവർണർ

നോട്ടുനിരോധനം ശരിവച്ച ഭരണഘടനാ ബഞ്ചിനെ നയിച്ചതും ജസ്റ്റിസ് നസീറായിരുന്നു

Update: 2023-02-12 08:17 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: ബാബരി-രാമജന്മഭൂമി കേസില്‍ വിധി പറഞ്ഞ സുപ്രിംകോടതി ഭരണഘടനാ ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് എസ് അബ്ദുൽ നസീർ ആന്ധ്രാപ്രദേശ് ഗവർണർ. നിയമനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ചു. ബാബരി മസ്ജിദ് തകർക്കപ്പെട്ട ഭൂമിയിൽ ക്ഷേത്രം പണിയാൻ അനുമതി നൽകുന്നതായിരുന്നു സുപ്രിംകോടതി വിധി.

ബഞ്ചിലെ ഏക മുസ്‌ലിം അംഗം കൂടിയായിരുന്ന ജസ്റ്റിസ് നസീർ 2023 ജനുവരി നാലിനാണ് വിരമിച്ചത്. കർണാടക ഹൈക്കോടതിയിൽനിന്ന് 2017 ഫെബ്രുവരിയിലാണ് സുപ്രിംകോടതിയിലേക്ക് നിയോഗിക്കപ്പെട്ടത്. ബാബരി കേസിന് പുറമേ, സ്വകാര്യതയ്ക്കുള്ള അവകാശം കൈകാര്യം ചെയ്ത കെഎസ് പുട്ടസ്വാമി കേസ്, മുത്തലാഖ് കേസ്, നോട്ടുനിരോധനം, ജനപ്രതിനിധികളുടെ പ്രസംഗത്തിന് അധിക നിയന്ത്രണം ആവശ്യമാണോ എന്ന കേസ് തുടങ്ങിയവയിലും വിധി പറഞ്ഞത് ജസ്റ്റിസ് അബ്ദുൽ നസീർ അടങ്ങിയ ബഞ്ചാണ്.

അയോധ്യ കേസിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവം നടത്തിയിരുന്നത്. തർക്കം നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം പണിയാമെന്നായിരുന്നു കോടതി വിധി. അയോധ്യയിൽ തന്നെ പള്ളി പണിയാൻ അഞ്ചേക്കർ സ്ഥലം മുസ്‌ലിം വിഭാഗങ്ങൾക്ക് നൽകണമെന്നും അതിന് കേന്ദ്രസർക്കാർ മുൻകൈ എടുക്കണമെന്നും ബഞ്ച് ഉത്തരവിട്ടിരുന്നു. പള്ളി തകർത്തത് നിയമവാഴ്ചയുടെ ഗുരുതരമായ ലംഘനമാണ് എന്നും വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മുൻ സുപ്രിംകോടതി ജഡ്ജ് എ.കെ ഗാംഗുലി അടക്കമുള്ളവർ വിധിയിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.

ജസ്റ്റിസുമാരായ രജ്ഞൻ ഗൊഗോയ്, അബ്ദുൽ നസീർ എന്നിവർക്ക് പുറമേ, ജസ്റ്റിസ് എസ്എ ബോബ്‌ഡേ, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരായിരുന്നു ബഞ്ചിലെ മറ്റുള്ളവർ. നാൽപ്പതു ദിവസത്തെ തുടർച്ചയായ വാദത്തിന് ശേഷമാണ് പതിറ്റാണ്ടുകള്‍ നീണ്ട കേസിൽ കോടതി അന്തിമവിധി പറഞ്ഞിരുന്നത്. 

നോട്ടുനിരോധനം ശരിവച്ച ഭരണഘടനാ ബഞ്ചിനെ നയിച്ചതും ജസ്റ്റിസ് നസീറായിരുന്നു. ഈ കേസിൽ വിധി പറഞ്ഞ ശേഷമാണ് ഇദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നോട്ടുനിരോധനം റദ്ദാക്കാനാകില്ലെന്നായിരുന്നു കേസിലെ ഭൂരിപക്ഷ വിധി. ജസ്റ്റിസ് നാഗരത്‌ന വിധിയോട് വിയോജിച്ചു. നോട്ടുനിരോധനം നടപ്പാക്കേണ്ടത് വിജ്ഞാപനത്തിലൂടെയല്ല, നിയമനിർമാണത്തിലൂടെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. പാർലമെന്റിനെ ഇരുട്ടിൽ നിർത്തി ഇത്രയും സുപ്രധാനമായ തീരുമാനം കൈക്കൊള്ളരുതിയാരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 





Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News