മുൻ കേന്ദ്ര നിയമ മന്ത്രി ശാന്തി ഭൂഷൺ അന്തരിച്ചു
ചൊവ്വാഴ്ച രാത്രി ഏഴിന് ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം
Update: 2023-01-31 15:31 GMT
മുൻ കേന്ദ്ര നിയമ മന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു. 97 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴിന് ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. 1977 മുതൽ 1979 വരെ മൊറാർജി ദേശായി മന്ത്രിസഭയിൽ നിയമമന്ത്രിയായിരുന്നു.
1980-ൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന അദ്ദേഹം 1986-ൽ ബി.ജെ.പിയിൽ നിന്ന് രാജിവച്ചു. 2012 നവംബർ 26-ന് ആം ആദ്മി പാർട്ടിയുടെ സ്ഥാപക അംഗമായി. 1980ൽ പ്രമുഖ എൻ.ജി.ഒയായ 'സെന്‍റർ ഫോർ പബ്ലിക് ഇന്‍ററസ്റ്റ് ലിറ്റിഗേഷൻ' സ്ഥാപിച്ചു.
1975 ജൂണിൽ അലഹബാദ് ഹൈക്കോടതി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയിൽ എതിർവിഭാഗമായ രാജ് നരെയ്നു വേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ മകനാണ്.