ശിവസേനാ നേതാവ് സൂധീർ സൂരിയുടെ കൊലപാതകം: മാഫിയാ തലവൻ ലഖ്ബീർ സിങ് ലന്ത ഉത്തരവാദിത്തമേറ്റെടുത്തു
അമൃത്‌സറിലെ ഗോപാൽ മന്ദിറിന് പുറത്ത് മാജിത റോഡിൽ വെള്ളിയാഴ്ച വൈകീട്ട് 3.30നാണ് ശിവസേനാ നേതാവായ സുധീർ സൂരിയെ വെടിവെച്ചു കൊലപ്പെടുത്തിയത്.
അമൃത്‌സർ: ശിവസേനാ നേതാവ് സൂധീർ സൂരിയെ കൊലപ്പെടുത്തിയത് തന്റെ സംഘമാണെന്ന് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഫിയാ സംഘത്തലവൻ ലഖ്ബീർ സിങ് ലന്ത. സോഷ്യൽ മീഡിയാ പോസ്റ്റിലൂടെയാണ് ലന്ത ഉത്തരവാദിത്തമേറ്റത്. ഇതിന്റെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
അമൃത്‌സറിലെ ഗോപാൽ മന്ദിറിന് പുറത്ത് മാജിത റോഡിൽ വെള്ളിയാഴ്ച വൈകീട്ട് 3.30നാണ് ശിവസേനാ നേതാവായ സുധീർ സൂരിയെ വെടിവെച്ചു കൊലപ്പെടുത്തിയത്. തിരക്കേറിയ നഗരത്തിൽ പാർട്ടി നേതാക്കൾക്കൊപ്പം പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കവെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഞ്ച് വെടിയുണ്ടകൾ സൂരിയുടെ ശരീരത്തിൽനിന്ന് ലഭിച്ചതായി അമൃത്‌സർ പൊലീസ് കമ്മീഷണർ അരുൺ പാൽ സിങ് പറഞ്ഞു. പ്രതികളിലൊരാളായ സന്ദീപ് സിങ്ങിനെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. കൊലക്ക് ഉപയോഗിച്ച റിവോൾവറും കണ്ടെടുത്തിരുന്നു.