മയക്കുമരുന്ന് വാങ്ങാൻ പണം നൽകിയില്ല; 24 കാരൻ മാതാവിനെ കുത്തിക്കൊന്നു
കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു
ഗാസിയാബാദ്: മയക്കുമരുന്ന് വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് മാതാവിനെ 24 കാരൻ കൊലപ്പെടുത്തി. ഗാസിയാബാദിലെ അമൻ ഗാർഡൻ ഏരിയയിലാണ് കൊലപാതകം നടന്നത്. സംഭവത്തിൽ ഷാരൂഖ് എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. 65 കാരിയായ ദിൽഷാദ് ബീഗമാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഷാരൂഖ് മയക്കുമരുന്ന് അടിമയാണെന്ന് പൊലീസ് പറയുന്നു. ലഹരി വസ്തുക്കൾ വാങ്ങാൻ പണം ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വഴക്കിന് ശേഷം ഉറങ്ങാൻ കിടന്ന മാതാവിനെ കത്തികൊണ്ട് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് രക്തം തളം കെട്ടിനിന്ന തറ വൃത്തിയാക്കാനും ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് ഷാരൂഖ് പൊലീസ് സ്റ്റേഷനിലെത്തി അമ്മയെ കൊലപ്പെടുത്തിയതായി പറയുന്നത്. തുടർന്ന് പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന സ്ത്രീയെയാണ് കണ്ടെത്തത്. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സൂര്യബാലി മൗര്യയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.
ഷാരൂഫ് മെക്കാനിക്കായി ജോലി നോക്കിയിരുന്നെങ്കിലും നിലവില്‍ തൊഴില്‍ രഹിതാനാണ്.ഷാരൂഖിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ലോണി സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽ രാജ്പൂത് പറഞ്ഞു.