ക്ഷേത്രത്തിൽ സ്ത്രീകളുടെ ക്ലോക്ക് റൂമിൽ ഒളികാമറ ഘടിപ്പിച്ച് മൊബൈലിൽ ദൃശ്യങ്ങൾ കണ്ട് പൂജാരി; കേസിനു പിന്നാലെ ഒളിവില്‍
ഗാസിയാബാദ് ചോട്ടാ ഹരിദ്വാറിലെ ക്ഷേത്രത്തിലെ പൂജാരി മുകേഷ് ഗോസ്വാമിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്
ലഖ്‌നൗ: ക്ഷേത്രത്തിൽ സ്ത്രീകളുടെ ക്ലോക്ക് റൂമിൽ ഒളികാമറ കണ്ടെത്തിയ സംഭവത്തിനു പിന്നാലെ പൂജാരി ഒളിവിൽ. യു.പിയിലെ ഗാസിയാബാദിലുള്ള ചോട്ടാ ഹരിദ്വാർ എന്ന് അറിയപ്പെടുന്ന ഗംഗാനഗറിലെ ക്ഷേത്രത്തിലാണു സംഭവം. ക്ഷേത്രത്തിലെ പൂജാരി മുകേഷ് ഗോസ്വാമിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
മുറിയിൽ സ്ഥാപിച്ച സി.സി.ടി.വി മുകേഷിന്റെ മൊബൈൽ ഫോണുമായാണു ബന്ധിപ്പിച്ചിരുന്നത്. മൊബൈലിൽ ഇയാൾ സ്ത്രീകളുടെ രഹസ്യരംഗങ്ങൾ കാണാറുള്ളതായാണ് പൊലീസിനു വിവരം ലഭിച്ചത്. സി.സി.ടി.വി ഡി.വി.ആറിൽനിന്ന് കഴിഞ്ഞ അഞ്ചു ദിവസത്തെ വിവരങ്ങൾ പരിശോധിച്ചതിൽ 75ഓളം സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യം പതിഞ്ഞതായി വ്യക്തമായിട്ടുണ്ട്.
ക്ഷേത്രത്തോട് ചേർന്നുള്ള നദിയിൽ കുളിക്കുന്ന തീർഥാടകർക്ക് വസ്ത്രം മാറാൻ സജ്ജീകരിച്ചതായിരുന്നു ക്ലോക്ക് റൂം. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയ ഒരു സ്ത്രീയാണു മുറിയിൽ ഒളികാമറ ഘടിപ്പിച്ചതായി സംശയം തോന്നി പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ സി.സി.ടി.വി കാമറ കണ്ടെത്തുകയായിരുന്നു. കാമറ പൂജാരിയുടെ മൊബൈലുമായി ബന്ധിപ്പിച്ചതായും നിരവധി സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞതായും വ്യക്തമായി. ഇതിനിടെ, മുകേഷ് ഗോസ്വാമി ഒളിവിൽ പോയിരുന്നു.
ഒളികാമറ വിവരം പുറത്തായതോടെ സംഭവത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. മുകേഷിനെതിരെ ഗാസിയാബാദ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണിപ്പോൾ പൊലീസ്.
Summary: Ghaziabad police search for accused Mahant Mukesh Goswami for filming women in temple changing room