പുതിയ പാർട്ടിയുമായി ​ഗുലാം നബി ആസാദ്; കോൺ​ഗ്രസ് വിട്ട മുൻ എം.എൽ.എമാരുടെ പിന്തുണ

ഈ വർഷാവസാനം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സാന്നിധ്യം രേഖപ്പെടുത്താൻ ആസാദിന് ആഗ്രഹമുണ്ടെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

Update: 2022-08-26 15:10 GMT
Advertising

ന്യൂഡൽഹി: നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് വിട്ട​ മുതിർന്ന നേതാവ് ​ഗുലാം നബി ആസാദ് പുതിയ പാർട്ടി രൂപീകരിക്കുന്നു. അദ്ദേഹവുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ജമ്മു കശ്മീർ കേന്ദ്രീകരിച്ചായിരിക്കും പാർട്ടിയുടെ പ്രവർത്തനം. ​ആസാദിനൊപ്പം അഞ്ച് മുൻ എം.എൽ.എമാരും പാർട്ടി വിട്ടിരുന്നു. ഇവരും പുതിയ പാർട്ടിയിൽ ചേരുമെന്നാണ് വിവരം.

ഈ വർഷാവസാനം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സാന്നിധ്യം രേഖപ്പെടുത്താൻ ആസാദിന് ആഗ്രഹമുണ്ടെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. രാഹുൽ ​ഗാന്ധിയുൾപ്പെടെയുള്ളവർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചാണ് ​ഗുലാംനബി ആസാദ് പാർട്ടി വിട്ടത്. 73 കാരനായ ആസാദ്, പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്നതടക്കമുള്ള വലിയ വിമര്‍ശനങ്ങളാണ് രാജിക്കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

രാഹുൽ​ഗാന്ധിക്ക് പക്വതയില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടി വലിയ തിരിച്ചടി നേരിട്ടു. രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് ഇപ്പോൾ അധികാരമുള്ളതെന്നും രാജിക്കത്തില്‍ പറയുന്നു. താൻ നൽകിയ നിർദേശങ്ങൾ ഒമ്പതു വർഷമായി ചവറ്റുകൂനയിലാണെന്നും സോണിയാ ​ഗാന്ധിക്കയച്ച അഞ്ച് പേജുള്ള രാജിക്കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജമ്മു കശ്മീർ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷൻ സ്ഥാനത്തുനിന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവച്ച് ദിവസങ്ങൾക്ക് ശേഷമാണ് കോൺഗ്രസിൽ നിന്നുള്ള അദ്ദേഹത്തിന്റെ രാജി.

പാര്‍ട്ടി ദേശീയ നേതൃത്വവുമായി ഏറെനാളായി ഭിന്നതയില്‍ കഴിയുന്ന ഗുലാം നബി ആസാദ് നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ ഒരാളാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News